ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് ബംഗ്ളാദേശിൽ കുടുങ്ങിയ 167 മെഡിക്കൽ കോളേജ് വിദ്യാർത്ഥികളെ വന്ദേമാതരം ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക എയർ ഇന്ത്യാ വിമാനത്തിൽ ശ്രീനഗറിലെത്തിച്ചു. സിംഗപ്പൂരിൽ കുടുങ്ങിയ 234 ഇന്ത്യക്കാരുമായി മറ്റൊരു വിമാനം ഇന്നല ഉച്ചയോടെ ഡൽഹിയിൽ ഇറങ്ങി. ദുബായിൽ നിന്നുള്ള രണ്ടു വിമാനങ്ങൾ ചെന്നൈയിലിറങ്ങും.
ധാക്കയിലെയും മൈമെൻസിംഗിലെയും വിവിധ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന 500ഓളം വിദ്യാർത്ഥികളാണ് ബംഗ്ളാദേശിൽ രണ്ടുമാസമായി കുടുങ്ങിയത്. കൂടുതലും ജമ്മുകാശ്‌മീരിൽ നിന്നുള്ളവരാണ്. ഇവരിൽ 67പേർ പശ്ചിമ ബംഗാൾ അതിർത്തി വഴി വരാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ബംഗ്ളാദേശിൽ നിന്നുള്ള രണ്ടാം ബാച്ച് വിദ്യാർത്ഥികളെ ഇന്ന് ഡൽഹിയിലെത്തിക്കും.
ജലാശ്വ പുറപ്പെട്ടു
700ഓളം ഇന്ത്യക്കാരുമായി മാലിയിൽ നിന്ന് പുറപ്പെട്ട നേവിയുടെ ഐ.എൻ.എസ് ജലാശ്വ എന്ന കപ്പൽ നാളെ കൊച്ചിയിലെത്തും. അടച്ചിട്ട മാലിയിലെ വെലാന അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് യാത്രക്കാരുടെ യാത്രാ നടപടികൾ പൂർത്തിയാക്കിയത്. ഒഴിപ്പിക്കൽ നടപടികൾക്കുള്ള ഫീസായി ഒരാൾക്ക് 40 ഡോളർ വച്ച് മാലി സർക്കാർ ഈടാക്കുന്നുണ്ട്.