ന്യൂഡൽഹി: ലോക്ക്ഡൗൺ എപ്പോഴും നിയന്ത്രിക്കാൻ കഴിയുന്ന സ്വിച്ച് പോലെ കാണരുതെന്നും പ്രതിരോധ നടപടികൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ മാത്രമൊതുങ്ങരുതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാന സർക്കാരുകൾക്ക് സ്വാതന്ത്ര്യം നൽകണമെന്നും സർക്കാർ നടപടികളിൽ സുതാര്യത വേണമെന്നും ആവശ്യപ്പെട്ട രാഹുൽ കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ 13 കോടി കുടുംബങ്ങൾക്ക് 5000 രൂപ തോതിൽ 65,000 കോടി രൂപ അടിയന്തരമായി നൽകണമെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലോക്ക്ഡൗണിന് ശേഷമുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിന് സുതാര്യമായ നിലപാടുണ്ടാകണം. ലോക്ക് ഡൗൺ എപ്പോൾ പിൻവലിക്കുമെന്നും എങ്ങനെയെന്നും വ്യക്തമാക്കണം. എപ്പോഴും നിയന്ത്രിക്കാവുന്ന സ്വിച്ച് ആയി ലോക്ക് ഡൗണിനെ കാണരുത്. പ്രാദേശിക തലത്തിൽ സാഹചര്യങ്ങളെ നന്നായി മനസിലാക്കുന്ന സംസ്ഥാന സർക്കാരുകളെ കൂടി വിശ്വാസത്തിലെടുക്കണം. ചുരുങ്ങിയത് ബി.ജെ.പി മുഖ്യമന്ത്രിമാരോടെങ്കിലും പ്രധാനമന്ത്രി ആശയവിനിമയം നടത്തണം.
ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചാൽ രൂപയുടെ മൂല്യം ഇടിയുമെന്ന ആശങ്ക മാറ്റിവയ്‌ക്കണം.
കർഷകർ, കുടിയേറ്റ തൊഴിലാളികൾ, ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവർ, ട്രാവൽ, ടൂറിസം തുടങ്ങിയ മേഖലകളിൽ ജോലിയെടുക്കുന്ന പാവപ്പെട്ടവരുടെ 13 കോടി കുടുംബങ്ങൾക്ക് 5000 രൂപ തോതിൽ 65,000 കോടി രൂപ സർക്കാർ ഉടൻ കൈമാറണം. തൊഴിലുറപ്പിലെ തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കണം. റേഷൻ സംവിധാനത്തിന് പുറത്തുള്ള 11 കോടി ജനങ്ങൾക്ക് ആറുമാസത്തേക്ക് 10 കിലോ അരി, ഗോതമ്പ്, ഒരു കിലോ വീതം പയർ, പഞ്ചസാര തുടങ്ങിയവ വിതരണം ചെയ്യണം. പി.എം കിസാൻ യോജന വഴി 8.22 കോടി കർഷകർക്ക് 10,000 രൂപ വീതം നൽകണം. തൊഴിൽ നഷ്‌ടം നികത്താൻ ഇടത്തരം, ചെറുകിട വ്യവസായ മേഖലയിൽ രണ്ടു ലക്ഷം കോടി രൂപയുടെ സഹായം പ്രഖ്യാപിക്കണം. ചെറുകിട വ്യവസായികൾക്ക് ആശ്വാസമാകും വിധം ഹോട്ട്സ്‌പോട്ടുകളിലൊഴികെ കടകൾ തുറക്കാൻ അനുവദിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.