ന്യൂഡൽഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയാലും കൊവിഡ് രോഗവ്യാപനം തടയാൻ സ്‌കൂളുകളിലും 'ഒറ്റ, ഇരട്ട' അക്ക നിയന്ത്രണം നടപ്പാക്കാൻ സാദ്ധ്യത. ക്ളാസുകളിൽ ഒരു സമയം 50 ശതമാനം കുട്ടികൾ മാത്രം. ബാക്കിയുള്ളവർക്ക് വീട്ടിലിരുന്ന് ഓൺലൈൻ പഠനം. എൻ.സി.ഇ.ആർ.ടി തയ്യാറാക്കിയ മാർഗരേഖ കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ അടുത്തയാഴ്ച പ്രഖ്യാപിക്കും.
ഒരാഴ്‌ച അല്ലെങ്കിൽ ഒരു ഷിഫ്‌റ്റിൽ സ്‌കൂളിലെ പകുതി കുട്ടികളെ വരാൻ അനുവദിക്കുകയെന്നതാണ് പ്രധാന നിർദ്ദേശം. ബാക്കി കുട്ടികളെ അദ്ധ്യാപകർക്ക് ഓൺലൈൻ ക്ളാസുകൾ വഴി പഠിപ്പിക്കാമെന്നും എൻ.സി.ഇ.ആർ.ടി ഡയറക്‌ടർ ഋഷികേഷ് സേനാപതി പറഞ്ഞു. വീട്ടിലിരുന്ന് ചെയ്യേണ്ട പഠന പ്രവൃത്തികൾ എന്തൊക്കെയെന്നതിന് രൂപം നൽകും. ഒന്ന് മുതൽ 12വ രെയുള്ള ക്ളാസുകളിലെ പഠനത്തിന് 12 ടിവി ചാനലുകൾ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനുള്ള പ്രത്യേക പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി തയ്യാറാക്കും.
പരീക്ഷകളും ഒന്നിച്ച് നടത്തില്ല.
സുരക്ഷാ അകലം പാലിക്കുന്നത് ബുദ്ധിമുട്ടായതിനാൽ ഒരു വർഷത്തേക്ക് രാവിലെയുള്ള അസംബ്ളി, കായിക ഇനങ്ങൾ, സെമിനാറുകൾ തുടങ്ങിയവ ഒഴിവാക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. സ്‌കൂൾ ബസുകൾ, ക്ളാസ് മുറികൾ എന്നിവിടങ്ങളിലും സുരക്ഷാ അകലം നിർബന്ധമാക്കും. സ്‌കൂളുകളിലെ ശൗചാലയങ്ങളുടെ ഉപയോഗത്തിനും നിയന്ത്രങ്ങളുണ്ടാവും.