ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്ത കേസിലെ വിചാരണ ആഗസ്റ്റ് 31ന് മുമ്പ് പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി ലക്‌നൗ സി.ബി.ഐ കോടതിയോട് നിർദ്ദേശിച്ചു. കേസിന്റെ വിചാരണയ്ക്കായി സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്നുള്ള പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വിചാരണയ്ക്കായി വിഡിയോ കോൺഫറൻസിംഗ് സംവിധാനം ഉപയോഗിക്കാമെന്നും ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
1992 ഡിസംബർ ആറിനാണ് ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത്. കേസിൽ ബി.ജെ.പി മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് തുടങ്ങിയവർ പ്രതികളാണ്.