18,000 കടന്ന് മഹാരാഷ്ട്ര, 6000 കടന്ന് തമിഴ്നാട്
ന്യൂഡൽഹി: രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയത് നൂറുദിവസം പിന്നിടുമ്പോഴും രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. 24 മണിക്കൂറിനിടെ 3,390 രോഗികളും 103 മരണവും റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 56,342 ആയി ഉയർന്നു. 1886 പേർക്ക് ജീവൻ നഷ്ടമായി.
രാജ്യത്തെ രോഗമുക്തിനിരക്ക് 29.36 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1273 പേർക്ക് രോഗം ഭേദമായി. ഇതുവരെ 16, 540 പേർക്കാണ് രോഗം ഭേദമായത്.
216 ജില്ലകളിൽ രോഗികളില്ല. 42 ജില്ലകളിൽ കഴിഞ്ഞ 28 ദിവസമായും 29 ജില്ലകളിൽ 21 ദിവസത്തിനിടെയും 36 ജില്ലകളിൽ 14 ദിവസത്തിനിടെയും 46 ജില്ലകളിൽ കഴിഞ്ഞ ഏഴു ദിവസത്തിനിടെയും പുതിയ രോഗികളില്ല. ആവശ്യമായ മുൻകരുതലെടുക്കുകയും മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്തില്ലെങ്കിൽ രോഗവ്യാപനം ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി.
കൊവിഡ് വ്യാപനം രൂക്ഷമായ മുംബയിൽ രോഗികളുടെ എണ്ണം പതിനൊന്നായിരം കടന്നതോടെ മുംബയ് മുൻസിപ്പൽ കോർപറേഷൻ കമ്മിഷണർ പ്രവീൺ പർദേശിയെ സ്ഥലംമാറ്റി. നഗര വികസന വകുപ്പിൽ അഡിഷണൽ ചീഫ് സെക്രട്ടറിയായാണ് മാറ്റിയത്. നഗരവികസനവകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി ഇഖ്ബാൽ ചഹൽ ആണ് പുതിയ കമ്മിഷണർ.
കൊവിഡ് സ്ഥിതി പരിശോധിക്കാൻ അഡിഷണൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.സുധീർ ഗുപ്തയുടെ നേതൃത്വത്തിലുള്ള കേന്ദ്രആരോഗ്യമന്ത്രാലയ സംഘം പൂനെയിലെത്തി.
തമിഴ്‌നാട്ടിൽ രോഗികൾ ആറായിരം കടന്നു. 40 പേർ മരിച്ചു,
ഗുജറാത്തിൽ പുതിയ 390 രോഗികൾ.
ആന്ധ്രപ്രദേശിൽ മൂന്നുപേർ കൂടി മരിച്ചു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒരു ലക്ഷം ഫേസ് മാസ്‌കുകൾ യു.പിയിലേക്ക് അയച്ചു.
സെൻട്രലൈസ്ഡ് ആക്‌സിഡന്റ് ആൻഡ് ട്രോമ സർവീസസിലെ (കാറ്റ്‌സ്) 29 ജീവനക്കാർക്ക് കൂടി കൊവിഡ്
അസമിൽ മരിച്ച 16കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ കൊവിഡ് മരണം.
തബ് ലീഗ് ജമാത്ത് സമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചുവച്ചതിന് അറസ്റ്റിലായ പത്ത് ഇന്തോനേഷ്യക്കാർക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു.
പി.ജി വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഗുവാഹത്തി മെഡിക്കൽ കോളേജ് അടച്ചു.
തെലുങ്കാനയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ ആയിരം രൂപ പിഴ-
ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ശ്രീനഗർ സിവിൽസെക്രട്ടറിയേറ്റ് അണുവിമുക്തമാക്കി.