ന്യൂഡൽഹി : 'സ്വർണ മനുഷ്യൻ" എന്നറിയപ്പെട്ടിരുന്ന പൂനെ സംഗംവാഡി സ്വദേശി സാമ്രാട്ട് ഹിരാമൻ മോസെ (39) അന്തരിച്ചു. ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 8 മുതൽ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങൾ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വർണ മനുഷ്യൻ എന്ന് അറിയപ്പെട്ടത്. ബിസിനസുകാരനായിരുന്ന സാമ്രാട്ട് മോസെ മുൻ എം.എൽ.എ രാംഭാവ് മോസെയുടെ മരുമകനാണ്. പ്രാദേശിക തിരഞ്ഞെടുപ്പിൽ സംഗംവാദിയിൽ നിന്നു മത്സരിച്ചിരുന്നു. ഫേസ്ബുക്കിൽ തന്റെ വ്യാജ പ്രൊഫൈൽ നിർമിച്ചതായി കഴിഞ്ഞയിടെ മോസെ പരാതിപ്പെട്ടിരുന്നു.
പൂനെയിലെ യേർവാദയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വളരെക്കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത് സംസ്‌കാരം നടത്തി. ഇദ്ദേഹത്തിന് ഭാര്യയും 2 മക്കളും ഉണ്ട്.
'സ്വർണ മനുഷ്യൻ" എന്ന് അറിയപ്പെട്ടിരുന്ന മഹാരാഷ്ട്ര നവനിർമ്മാൺ സേന എം.എൽ.എ രമേശ് വാഞ്ചലെ 2011ൽ മരിച്ചതോടെയാണ് സാമ്രാട്ട് ഹിരാമൻ മോസെയ്ക്ക് 'സ്വർണ മനുഷ്യൻ' എന്ന പേര് ലഭിച്ചത്. രമേശ് വാഞ്ചലെയും ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. അദ്ദേഹത്തിന് 45 വയസായിരുന്നു.