ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനും ആരോഗ്യ മേഖലയിലെ അടിസ്ഥാന വികസനത്തിനും ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌‌റ്റ്മെന്റ് ബാങ്ക് (എ.ഐ.ഐ.ബി) ഇന്ത്യയ്‌ക്ക് 50 കോടി ഡോളർ അടിയന്തര സഹായം അനുവദിച്ചു.

കൊവിഡ് ചികിത്‌സയ്ക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും സുരക്ഷാ സാമഗ്രികൾ, ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങിയവ സജ്ജമാക്കാനും സംസ്ഥാനങ്ങൾക്ക് ഇതിൽ നിന്ന് തുക അനുവദിക്കാം.

മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, ലാബുകൾ തുടങ്ങിയവയെ കൊവിഡ് പ്രതിരോധത്തിന് സജ്ജമാക്കാനും തുക വിനിയോഗിക്കാം. ദേശീയ ആരോഗ്യ മിഷൻ, നാഷണൽ ഡിസീസ് കൺട്രോൾ സെന്റർ,ഐ.സി.എം.ആർ തുടങ്ങിയ ഏജൻസികൾ വഴിയാകും ഫണ്ട് വിനിയോഗിക്കുക. ലോകബാങ്കും എ.ഐ.ഐ.ബിയും ചേർന്നു നടപ്പാക്കുന്ന 150 കോടി ഡോളർ വായ്പാ പദ്ധതിയുടെ ഭാഗമാണിത്. 100 കോടി ഡോളർ ലോകബാങ്കാണ് നൽകുക.