ന്യൂഡൽഹി: വിരമിച്ചശേഷം മുൻ ചീഫ് ജസ്റ്റിസ് ഗൊഗോയി രാജ്യസഭാംഗത്വം സ്വീകരിച്ചത് അനുചിതമായിപ്പോയെന്ന് സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്‌ത.സർക്കാരിൽ നിന്നും ഇത്തരത്തിൽ ഒരു ഓഫറും താൻ സ്വീകരിക്കില്ലെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് പറഞ്ഞു. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലെ പാലമാകാനാണ് രാജ്യസഭാ സീറ്റ് സ്വീകരിച്ചതെന്ന ഗൊഗോയിയുടെ നിലപാടിനോട് യോജിക്കാനാകില്ല. ഇവ തമ്മിൽ എന്നും അകലമുണ്ട്, അത് പാലിക്കേണ്ടതാണ്. മുൻ സുപ്രീംകോടതി ജഡ്ജിമാരെയോ നിയമവിദഗ്ദ്ധരെയോ ആവശ്യമുള്ള ട്രൈബ്യൂണലുകൾ ഉണ്ടാകാം. പക്ഷേ, വിരമിച്ചശേഷം എനിക്കതിൽ താത്പര്യമില്ല. സുപ്രീംകോടതി പ്രത്യേക അവസരത്തിൽ നിയമിക്കുന്ന കമ്മിറ്റികളിൽ അംഗങ്ങളാകുന്നത് പോലെയല്ല അവ. സർക്കാർ നേരിട്ട് തരുന്ന മറ്റ് നിയമനങ്ങളാണവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡനാരോപണ കേസ് ഗൊഗോയ്ക്ക് ഉൾപ്പെട്ട ബെഞ്ച് തന്നെ കേട്ടതും ശരിയായില്ല. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡനാരോപണക്കേസ് വന്നപ്പോൾ അപ്രതീക്ഷിത സിറ്റിംഗ് വിളിച്ചു ചേർത്തത് അനാവശ്യമായിരുന്നു. സംഭവത്തിന് ശേഷം സുപ്രീംകോടതിയിൽ കാര്യങ്ങൾ മെച്ചപ്പെട്ട നിലയിലായോ? ഇല്ല. സുപ്രീം കോടതിയിൽ സുതാര്യത തേടി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ജഡ്ജിമാർ പരസ്യമായി വാർത്താസമ്മേളനം നടത്തിയതിനോടും യോജിപ്പില്ല. ഞാൻ അന്ന് വിദേശയാത്രയിലായിരുന്നു. ഈ വിവരം അറിഞ്ഞപ്പോൾ ഞാൻ അസ്വസ്ഥനായി. വ്യക്തികളേക്കാൾ വലുതാണ് പ്രസ്ഥാനം. എന്ത് പ്രശ്‌നമുണ്ടെങ്കിലും സുപ്രീംകോടതിയ്ക്കകത്ത് പറഞ്ഞു തീർക്കണമായിരുന്നു. ചീഫ് ജസ്റ്റിസ് സഹജഡ്ജിമാരുടെ പ്രശ്‌നങ്ങൾ കേൾക്കാനും തയ്യാറാകണമായിരുന്നു.
ആദ്യം ലിസ്റ്റ് ചെയ്യുന്നത് വമ്പന്മാരുടെ കേസ്
പരസ്യമായ വാർത്താസമ്മേളനം നടത്തി, 'ജുഡീഷ്യൽ കലാപം' നടത്തിയ രഞ്ജൻ ഗൊഗോയ് പിന്നീട് ചീഫ് ജസ്റ്റിസായപ്പോഴും സുപ്രീംകോടതിയിൽ കാര്യങ്ങൾ ഒട്ടും മെച്ചപ്പെട്ടില്ല. 'വലിയ പണം' ഉൾപ്പെട്ട കേസുകളും 'വമ്പൻ നിയമസ്ഥാപനങ്ങൾ' വാദിക്കുന്ന കേസുകളുമാണ് സുപ്രീംകോടതിയിൽ ആദ്യം ലിസ്റ്റ് ചെയ്യപ്പെടുന്നതെന്നും ദീപക് ഗുപ്‌ത ആരോപിച്ചു.
രാജ്യത്തെ നിയമവ്യവസ്ഥ സമ്പന്നർക്കും ശക്തരായാവർക്കും അനുകൂലമാണെന്ന് യാത്രയയപ്പ് പ്രസംഗത്തിൽ ജസ്റ്റിസ് ദീപക് ഗുപ്‌ത തുറന്നടിച്ചിരുന്നു. ദരിദ്രരിൽ ദരിദ്രരായവരുടെ ഭരണഘടനാ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് ദീപക് ഗുപ്ത സുപ്രീംകോടതിയിൽ നിന്നും വിരമിച്ചത്.