ന്യൂഡൽഹി: രാജ്യത്തെ വിവിധ അർദ്ധസൈനിക വിഭാഗങ്ങളിലായി 534 ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് ജവന്മാർക്ക് ജീവൻ നഷ്ടമായി.ഭൂരിഭാഗം കേസുകളും ഡൽഹിയിലാണ്.ഇന്നലെ 30ബി.എസ്.എഫ് ജവാൻമാർക്ക് കൂടി പോസിറ്റീവായി. ആറുപേർ ഡൽഹിയിലും 24 പേർ ത്രിപുരയിലുമാണ്.രാജ്യത്താകെ 235 ബി.എസ്.എഫ് ജവാൻമാർക്കാണ് കൊവിഡ് ബാധയുണ്ടായത്.രണ്ടു പേർക്ക് ജീവനും നഷ്ടമായി.
കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിലെ ഡ്യൂട്ടിയിലുണ്ടായിരുന്നു സി.ഐ.എസ്.എഫ് ജവാൻ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ഇദ്ദേഹം കൊൽക്കത്ത മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ മരിച്ച സി.ഐ.എസ്.എഫ് ജവാന്മാരുടെ എണ്ണം രണ്ടായി. ആകെ 35 പേർക്കാണ് രോഗബാധയുണ്ടായത്. 11 പേർ മുംബയ് വിമാനത്താവളത്തിൽ ജോലി ചെയ്തവരാണ്. 11 പേർ ഡൽഹി മെട്രോയിലും. മൂന്നു പേർ ഡൽഹി അന്താരാഷ്ട്ര വിമാനത്താളത്തിലും രണ്ടുപേർ മുംബയ് തുറമുഖത്തിലും ഡ്യൂട്ടി ചെയ്തവരാണ്.
സി.ആർ.പി.എഫിൽ 162 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു എ.എസ്.ഐ മരിച്ചു.ഐ.ടി.ബി.പിയിലെ 85 പേർക്കും എസ്.എസ്.എസ്.ബിയിലെ 17 പേർക്കും രോഗബാധ.