ന്യൂഡൽഹി:മൂന്നാംഘട്ട ലോക്ക് ഡൗൺ അഞ്ചുദിവസം പിന്നിടുമ്പോഴും കൊവിഡ് വ്യാപനം പിടിച്ചുനിർത്താനാകാതെ രാജ്യം. കൊവിഡ് ബാധിതരുടെ എണ്ണം 60,106 ആയി ഉയർന്നു.
പുതിയ രോഗികളുടെ എണ്ണം പ്രതിദിനം മൂവായിരം എന്ന തോതിലാണ് കഴിഞ്ഞ മൂന്നു ദിവസമായി വർദ്ധിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95 പേർ മരിച്ചതോടെ മരണസംഖ്യ 1988ലെത്തി. 40,081 പേരാണ് ചികിത്സയിൽ. 18,037 പേർ രോഗമുക്തി നേടി.
പ്രതിദിന പരിശോധന കൂടിയതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് സർക്കാർ പറയുന്നു. 332 സർക്കാർ ലാബുകളിലും 121സ്വകാര്യ ലാബുകളിലുമായി 95,000 സാമ്പിളുകൾ പ്രതിദിനം പരിശോധിക്കുന്നുണ്ട്.
ഡൽഹിയിൽ224 പേർക്ക് കൂടി രോഗം ബാധിച്ചു, ആകെ രോഗബാധിതർ 6,542. മൂന്ന് സ്വകാര്യ ആശുപത്രികൾ കൂടി കൊവിഡ് ചികിത്സയ്‌ക്കായി സർക്കാർ ഏറ്റെടുത്തു.
പശ്ചിമബംഗാളിൽ ഇന്നലെ മരണം:11,മൊത്തം മരണം 99, രോഗികൾ:1,786
ജമ്മു കാശ്മീരിൽ രണ്ട് നഴ്സുമാർക്കുൾപ്പടെ 13 പുതിയ രോഗികൾ. ആകെ രോഗികൾ 836.
ചെന്നൈയിൽ ജാഫർഖാൻപേട്ടിലെ സൂപ്പർമാർക്കറ്റിൽ ഏഴ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
മൊത്തം രോഗികളുടെ എണ്ണം ഗുജറാത്തിലും (7402) രാജസ്ഥാനിലും ( 3655 ) കർണാടകയിലും (794 പേർ ) ബിഹാറിലും (589) ഒഡീഷയിലും (294) കൂടിവരുകയാണ്.
മഹാരാഷ്ട്രയിൽ രോഗികൾ 20,000
മഹാരാഷ്ട്രയിൽ ആകെ രോഗികകൾ 20,000 കടന്നു. മുംബയിൽ മാത്രം 12,000 പേർ.ഇന്നലത്തെ മരണം :37, മൊത്തം മരണം: 731.
മുംബയ് നഗരത്തെ ഏഴ് സോണുകളാക്കി പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല ഏഴ് ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് നൽകി.
ആർതർ റോഡ് സെൻട്രൽ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ച 72 തടവുകാരെ ചെമ്പൂരിലെ ഒരു കെട്ടിടത്തിലേക്ക് മാറ്റി.
ജയിൽ സൂപ്രണ്ട് അടക്കമുള്ളവർ ക്വാറന്റൈനിലായി.
രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 714
കൊവിഡ് രോഗിക്ക്
മൂന്നു കുട്ടികൾ
മുംബയിലെ നായർ ആശുപത്രിയിൽ കൊവിഡ് രോഗിയായ ഗർഭിണി മൂന്ന് കുട്ടികൾക്ക് ജന്മം നൽകി. കുഞ്ഞുങ്ങൾക്ക് കൊവിഡില്ല.