ന്യൂഡൽഹി:ഡൽഹിയിൽ കൊവിഡ് ബാധിച്ച് എത്രപേർ മരിച്ചുവെന്ന കണക്കിൽ പൊരുത്തക്കേടെന്ന് ആക്ഷേപം.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം വ്യാഴാഴ്ചവരെ 66 മരണം മാത്രം. എന്നാൽ, ആശുപത്രികൾതോറുമുള്ള എണ്ണം എടുക്കുമ്പോൾ ഇത് 116ൽ എത്തിയിട്ടുണ്ട്.
ലോക് നായക് ആശുപത്രി, രാം മനോഹർ ലോഹ്യ ആശുപത്രി, എൽ.എച്ച് മെഡിക്കൽ കോളേജ്, എയിംസ്, ജാജ്ജാർ സെന്ററുകളിൽ നിന്നുള്ള റിപോർട്ട് പ്രകാരമാണിത്. സർക്കാർ കണക്കിൽ ഈ ആശുപത്രികളിൽ 33 മരണം മാത്രമാണ്. ഓഡിറ്റ് കമ്മിറ്റി കോവിഡ് സെന്ററുകളായ ആശുപത്രികളിലെ കണക്ക് ശേഖരിക്കുന്നുണ്ടെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നുമാണ് സർക്കാരിന്റെ പ്രതികരണം.
കൊവിഡ് ബാധിതരുടെ എണ്ണവും മരണവും കൃത്യമായി സർക്കാരുമായി പങ്കുവയ്ക്കാറുണ്ടെന്നും എണ്ണത്തിൽ തെറ്റ് സംഭവിച്ചാൽ തിരുത്താറുണ്ടെന്നും ആശുപത്രി സൂപ്രണ്ടുമാരും പ്രതികരിച്ചു.
ഇതോടെ ഇന്ത്യയിലെ യഥാർത്ഥ മരണക്കണക്ക് കേന്ദ്രസർക്കാർ മറച്ചുവയ്ക്കുകയാണെന്ന ആരോപണം ശക്തമായി. ഡൽഹി സർക്കാർ പുറത്തുവിടുന്നത് തെറ്റായ വിവരങ്ങളാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.