ന്യൂഡൽഹി: നേരിയ കൊവിഡ് രോഗമുള്ളവരെ ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്‌ക്ക് പരിശോധന കൂടാതെ ഡിസ്‌ചാർജ് ചെയ്യാനും ഗുരുതര രോഗമുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞ എച്ച്.ഐ.വി രോഗികൾക്കും മറ്റും രോഗമുക്തിക്ക് ശേഷവും ആർ.ടി പി.സി.ആർ പരിശോധന വേണമെന്നും നിഷ്‌കർഷിക്കുന്ന പുതിയ മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഡിസ്‌ചാർജിനും ചികിത്സയ്‌ക്കും രോഗികളെ മൂന്നായി തിരിച്ചാണ് മാർഗരേഖ ഇറക്കിയത്:
നേരിയ രോഗമുള്ളവരും ലക്ഷണങ്ങൾ മാത്രമുള്ളവരും കൊവിഡ് കെയർ കേന്ദ്രത്തിലെ പത്ത് ദിവസത്തെ ചികിത്സയ്ക്കു ശേഷം തുടർച്ചയായ മൂന്നു ദിവസം പനിയോ മറ്റ് ലക്ഷണങ്ങളോ കാണിക്കുന്നില്ലെങ്കിൽ കൊവിഡ് പരിശോധന കൂടാതെ ഡിസ്‌ചാർജ് ചെയ്യാം. ഡിസ്‌ചാർജിന് തൊട്ടുമുൻപ് ശ്വാസ തടസമോ മറ്റോ വന്നാൽ പ്രത്യേക കൊവിഡ് ആശുപത്രിയിലേക്ക് മാറ്റണം. ഡിസ്ചാർജ് ചെയ്യപ്പെടുന്നവർ വീട്ടിൽ ഏഴു ദിവസം ഐസൊലേഷനിൽ കഴിയണം.
ഡിസ്ചാർജിന് ശേഷം രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നവർ കൊവിഡ് കെയർ കേന്ദ്രവുമായോ 1075 എന്ന ഹെൽപ്പ് ലൈൻ നമ്പരിലോ ബന്ധപ്പെടണം. വീട്ടിൽ കഴിയുന്നവർ 14ദിവസത്തിന് ശേഷം ഫോണിലൂടെ തുടർ ചികിത്സയ്‌ക്ക് ആശയ വിനിമയം നടത്തണം. കൊവിഡ് ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കപ്പെട്ട ശ്വാസ തടസമുള്ള രോഗികൾക്ക് പത്തു ദിവസത്തെ ചികിത്സയ്ക്കു ശേഷം തുടർച്ചയായ മൂന്നു ദിവസം പനിയും തുടർച്ചയായ നാലു ദിവസം ശ്വാസതടസവും ഇല്ലെങ്കിൽ കൊവിഡ് പരിശോധന ഇല്ലാതെ ഡിസ്ചാർജ് ചെയ്യാം. ഡിസ്ചാർജ് ചെയ്യപ്പെടുന്നവർ വീട്ടിൽ ഏഴു ദിവസം ഐസൊലേഷനിൽ കഴിയണം.
എച്ച്.ഐ.വി ബാധിതർ, അവയവ മാറ്റ ശസ്‌ത്രക്രിയ നടത്തിയവർ, അർബുദ രോഗികൾ തുടങ്ങിയവരെ രോഗ വിമുക്തിക്ക് ശേഷം ആർ.ടിപി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ മാത്രമേ ഡിസ്‌ചാർജ് ചെയ്യാനാകൂ.