ന്യൂഡൽഹി: സ്വന്തം നാട്ടിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ ബംഗാളി തൊഴിലാളികളോട് മമതാ ബാനർജിയുടെ സർക്കാർ അനീതി കാട്ടുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി.
തൊഴിലാളികളെ കൊണ്ടുവരാനുള്ള ട്രെയിനുകൾക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ വിമർശനം.
തൊഴിലാളികളുടെ ദുരിതം മനസിലാക്കണമെന്നും ട്രെയിനുകളിൽ അവരെ എത്തിക്കാൻ അനുമതി നൽകണമെന്നും മുഖ്യമന്ത്രി മമതാ ബാനർജിക്ക് എഴുതിയ കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, അമിത് ഷാ പറയുന്നത് കള്ളമാണെന്ന് മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എം.പിയുമായ അഭിഷേക് ബാനർജി പ്രതികരിച്ചു.
കൊവിഡ് പ്രതിരോധ നടപടികളെ ചൊല്ലി തുടക്കം മുതൽ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുകയാണ്.
രോഗവ്യാപനവും മരണനിരക്കും സംസ്ഥാനം മറച്ചുപിടിക്കുകയാണെന്ന് കേന്ദ്രം പറയുന്നു. സ്ഥിതിഗതി നേരിട്ട് അറിയാൻ എത്തിയ കേന്ദ്ര സംഘത്തെ സംസ്ഥാന സർക്കാർ തടഞ്ഞ സംഭവവും ഉണ്ടായി.