ന്യൂഡൽഹി: ലോക്ക് ഡൗൺ പിൻവലിക്കുന്നതുവരെ മദ്യശാലകൾ അടച്ചിടണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. ടസ്‌മാക് (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപറേഷൻ) ആണ് ഹർജി നൽകിയത്. മദ്യവില്പന നിറുത്തി വച്ചാൽ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ സാരമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.
വ്യാഴാഴ്ച മദ്യശാലകൾ തുറന്നതോടെ എല്ലായിടത്തും വലിയ ആൾക്കൂട്ടമായിരുന്നു. ഇതോടെ മദ്യം വാങ്ങാനെത്തുന്നവർ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് കാട്ടി കമല ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം അടക്കം നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ഓൺലൈൻ വില്പന അനുവദിച്ചിട്ടുണ്ട്.