ന്യൂഡൽഹി: കൊവിഡിന്റെ കാര്യത്തിലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും പശ്‌ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസും തമ്മിൽ ഉടക്കിന് കുറവില്ല. ലോക്ക് ഡൗൺ മാർഗരേഖ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വന്ന കേന്ദ്ര സംഘത്തെ തടഞ്ഞ സംഭവത്തിന് പിന്നാലെ അതിഥി തൊഴിലാളികളുടെ മടക്കമാണ് ഉടക്കിന്റെ പുതിയ മുഖം തുറന്നത്. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ ബംഗാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമിക് ട്രെയിനുകൾക്ക് പശ്ചിമ ബംഗാൾ സർക്കാർ അനുമതി നൽകുന്നില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണം മമതാ സർക്കാർ തള്ളിയോടെയാണ് വാക്ക് പോരിന് തുടക്കമായത്.
ഷായുടെ ആരോപണം:
പല സംസ്ഥാനങ്ങളും തങ്ങളുടെ നാട്ടുകാരെ തിരിച്ചെത്തിക്കാൻ ശ്രമിക് ട്രെയിനുകൾ ഓടിക്കുമ്പോൾ പശ്‌ചിമ ബംഗാൾ കേന്ദ്രത്തോട് സഹകരിക്കുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അയച്ച കത്തിൽ ഷാ പറയുന്നു. പല സംസ്ഥാനങ്ങളിൽ നിന്നും ബംഗാൾ സ്വദേശികൾ വരാൻ തയ്യാറായി നിൽക്കുന്നു. എന്നാൽ ശ്രമിക് ട്രെയിനുകൾക്ക് സംസ്ഥാന സർക്കാർ സൗകര്യങ്ങൾ നൽകുന്നില്ല. അതിഥി തൊഴിലാളികളോടുള്ള അനീതിയാണ്. ഈ നിലപാട് അവരുടെ ജീവിതം ദുഷ്‌കരമാക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
തൃണമൂലിന്റെ മറുപടി:
എന്നാൽ, മുഖ്യമന്ത്രി മമതയുടെ മരുമകനും എം.പിയുമായ അഭിഷേക് ബാനർജി ഷായുടെ ആരോപണങ്ങൾ നിഷേധിച്ചു. ആഴ്‌ചകളോളം നിശബ്‌ദനായിരുന്ന അമിത് ഷാ മൗനം ഭഞ്ജിച്ചത് ആളുകളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്. പറയുന്നത് പള്ളക്കള്ളം. സംസ്ഥാനത്ത് അതിഥി തൊഴിലാളികൾക്കായി 711 ക്യാമ്പുകൾ നടക്കുന്നു. ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു. തെലങ്കാന, കർണാടക, തമിഴ്നാട്, പഞ്ചാബ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 31224 ബംഗാളികളെ കൊണ്ടുവരാൻ എട്ടു ട്രെയിനുകൾ വരുന്നുണ്ട്.
ഹൈദരാബാദിൽ നിന്നുള്ള ട്രെയിൻ പുറപ്പെട്ടു. ബംഗളൂരുവിൽ നിന്ന് വരുന്ന 7500 തൊഴിലാളികളെ ബാങ്കുര, പുരുലിയ, ന്യൂ ജയ്‌പാൽ ഗുഡി
സ്‌റ്റേഷനുകളിലും തമിഴ്നാട്ടിൽ നിന്ന് വരുന്ന 2418 തൊഴിലാളികളെ ഖരഗ് പൂർ, ഹൗറ സ്‌റ്റേഷനുകളിലും സ്വീകരിക്കും.
റെയിൽവേ പറയുന്നത്:
തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് മേയ് 9ന് പുറപ്പെടുന്ന ട്രെയിനിനെക്കുറിച്ച് വിവരമില്ല. നിലവിൽ ബംഗാളിലേക്ക് കേരളം, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുമാത്രമാണ് ട്രെയിൻ പുറപ്പെടുന്നത്.