taliban

ന്യൂഡൽഹി: മേഖലയിലെ ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാൻ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വവുമായി ഇന്ത്യ മുൻകൈയെടുത്ത് ചർച്ച നടത്തണമെന്ന് യു.എസ് പ്രത്യേക പ്രതിനിധി സൽമായ് ഖലീൽസദ് അഭിപ്രായപ്പെട്ടു. യു.എസ് - താലിബാൻ സമാധാന ഉടമ്പടിയുടെ ഭാഗമായി ഇന്ത്യയുമായി ചർച്ച നടത്താൻ ഡൽഹിയിലെത്തിയപ്പോഴാണ് ഖലീൽസദ് അഭിപ്രായം അറിയിച്ചത്. സമാധാന ഉടമ്പടിക്ക് പിന്നിൽ പ്രവർത്തിച്ചയാളാണ് ഖലീൽസദ്.

അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യയ്‌ക്കുള്ള തന്ത്രപ്രധാനമായ പങ്ക് കണക്കിലെടുത്ത് താലിബാനുമായി ചർച്ചയ്‌ക്ക് മുൻകൈയെടുക്കണം. അഫ്‌ഗാനുമായി ഇന്ത്യയ്‌ക്ക് ചരിത്രപരമായ ബന്ധമുണ്ട്. അതിനാൽ താലിബാനുമായുള്ള ചർച്ചയിൽ ഭീകരത അവസാനിപ്പിക്കാനുള്ള നടപടികൾക്ക് ഇന്ത്യയ്‌ക്ക് തുടക്കം കുറിക്കാൻ കഴിയും.

അതേസമയം അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ വംശജരായ ഹിന്ദുക്കളും സിക്കുകാരും താലിബാൻ ആക്രമണത്തിന് ഇരയാകുന്നതിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ആശങ്ക പ്രകടിപ്പിച്ചു.