ന്യൂഡൽഹി : വിദ്യാർത്ഥികളും നഴ്സുമാരും ജോലി നഷ്ടപ്പെട്ടവരും രോഗികളും ഗർഭിണികളുമടക്കം ആയിരക്കണക്കിന് മലയാളികളാണ് നാട്ടിലെത്താനാകാതെ ഉത്തരേന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്. പല ആവശ്യത്തിനുമെത്തി കുടുങ്ങിയവരുണ്ട് കൂട്ടത്തിൽ. സ്വന്തം വാഹനമോ, പതിനായിരക്കണക്കിന് രൂപയോ കൈവശമുണ്ടെങ്കിൽ മാത്രം നാട്ടിലേക്ക് പോകാമെന്നതാണ് സ്ഥിതി. സംസ്ഥാന സർക്കാരും മലയാളികൾക്ക് വേണ്ടി നിലകൊള്ളേണ്ട കേരള ഹൗസുമെല്ലാം കൈവിട്ടിരിക്കുകയാണെന്ന് ഇവർ പറയുന്നു.
രണ്ടാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച മേയ് 3ന് ശേഷം നാട്ടിലേക്ക് പോകാൻ അവസരമുണ്ട്. എന്നാൽ സ്വന്തം വാഹനം വേണമെന്ന് മാത്രം. ലക്ഷക്കണക്കിന് രൂപയാണ് സ്വകാര്യ വാഹന ഉടമകൾ ചോദിക്കുന്നത്. ജോലിനഷ്ടപ്പെട്ടവർക്കും ശമ്പളമില്ലാത്തവർക്കും സാധാരണക്കാർക്കും അത് അപ്രാപ്യമാണ്. ഇത് ഡൽഹിയിലെ മാത്രം സ്ഥിതിയല്ല, ഹരിയാന, യു.പി, പഞ്ചാബ്, ജമ്മു, രാജസ്ഥാൻ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനാളുകളുടെ സ്ഥിതിയാണ്. മലയാളികളുടെ ആശങ്കകൾക്ക് മറുപടി നൽകാൻ കേരള ഹൗസിൽ പ്രത്യേക സംവിധാനങ്ങളുമില്ല. പ്രശ്‌നപരിഹാരത്തിന് ഇടപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നുണ്ടെങ്കിലും അതെല്ലാം വാഗ്ദാനങ്ങളായി അവശേഷിക്കുകയാണ്.