ന്യൂഡൽഹി:കൊവിഡ് ഭീതിയിൽ ഉറ്റവർ കൈയൊഴിഞ്ഞപ്പോൾ, മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തി കർണാടകത്തിലെ പൊലീസുകാർ. മൈസൂരുവിനടുത്ത് അതിർത്തി ജില്ലയായ ചാമരാജ് നഗറിലെ ഒരുഗ്രാമത്തിലാണ് മൂന്ന് പൊലീസുകാർ ചേർന്ന് അന്ത്യ കർമ്മങ്ങൾ നടത്തി മൃതദേഹം സംസ്‌കരിച്ചത്. ഒരാഴ്ച മുൻപ് മൈസൂരിലെ വനത്തിനടുത്തുള്ള ചാമരാജ് നഗറിന് സമീപം ആനയുടെ ആക്രമണത്തിലാണ് നാൽപത്തിനാലുകാരന് ജീവൻ നഷ്ടമായത്. നാട്ടിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനാൽ യുവാവിന് കൊവിഡ് ബാധയുണ്ടെന്ന് ഭയന്നായിരുന്നു ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാത്തത്.പോസ്റ്റ്‌മോർട്ടം നടപടികൾ പുർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കാനൊരുങ്ങിയെങ്കിലും അവർ സ്വീകരിച്ചില്ല.തുടർന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മാഡെഗൗഡയുടെ നേതൃത്വത്തിൽ മൂന്നു പൊലീസുകാർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി പ്രദേശത്തെ ശ്‌മശാനത്തിൽ ഹൈന്ദവ ആചാരപ്രകാരം യുവാവിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കുകയായിരുന്നു.