ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 45 ഐ.ടി.ബി.പി, 62 സി.ആർ.പി.എഫ് , 30 ബി.എസ്.എഫ് ജവന്മാർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

സൈനികാശുപത്രിയിൽ പ്രവേശിക്കപ്പെട്ട സൈനികരും വിരമിച്ച സൈനികരും ഉൾപ്പടെയുള്ളതാണ് 45 ഐ.ടി.ബി.പി ജവാന്മാർ.ഓങ്കോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ് ഇവർ. ഇതോടെ രോഗബാധിതരായ ആകെ ഐ.ടി.ബി.പി. ജവാന്മാരുടെ എണ്ണം 100ആയി. രോഗം സ്ഥീരീകരിച്ചവരെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയതായി കരസേനാ വൃത്തങ്ങൾ അറിയിച്ചു. ഡൽഹി യൂണിറ്റിലെ തന്നെ 62 സി.ആർ.പി.എഫ് ജവാന്മാരാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ. ഇതോടെ രോഗബാധിതരായ സി.ആർ.പി.എഫ് ജവാന്മാരുടെ എണ്ണം 231 ആയി. ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡൽഹിയിലെ സി.ആർ.പി.എഫ് ആസ്ഥാനം ദിവസങ്ങൾക്ക് മുമ്പ് അടച്ചിരുന്നു. ആസ്ഥാനത്തേക്ക് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ആരെയും കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

സി.ആർ.പി.എഫ്, ബി.എസ്.എഫ്.,ഐ.ടി.ബി.പി , എസ്.എസ്.ബി. എന്നിവങ്ങനെയുള്ള സേനാവിഭാഗങ്ങളിലായി ആകെ 530 ജവാന്മാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.