rajini-kamal

ന്യൂഡൽഹി: ലോക്ക്‌ഡൗൺ പിൻവലിക്കുന്നതുവരെ മദ്യശാലകൾ അടച്ചിടണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീകോടതിയെ സമീപിച്ചതിനെതിരെ കമലഹാസൻ സുപ്രീകോടതിയിൽ.

ടസ്മാക്കിന്റെ (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ) ഹർജിക്കെതിരെയാണ് കമലഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം പാർട്ടി ഹർജി സമർപിച്ചിരിക്കുന്നത്. 'തമിഴ്‌നാട് സർക്കാർ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതവും സ്ത്രീകളുടെ താലിയും കൊണ്ട് ചൂതാടുകയാണ്. അവസാന വിജയം ജനങ്ങളുടേതായിരിക്കുമെന്നും ' കമലഹാസൻ ട്വീറ്റ് ചെയ്തു.

ഇതിനിടെ 'മദ്യവില്പന ശാലകൾ തുറക്കാനാണെങ്കിൽ, വീണ്ടും അധികാരത്തിൽ വരുമെന്നുള്ള സ്വപ്‌നം മറന്നേക്കൂ" എന്ന് രജനികാന്തും ട്വീറ്റു ചെയ്തു.

മൂന്നാം ഘട്ട ലോക്ക്ഡൗൺ ഇളവുകൾ പ്രകാരം മദ്യവില്പന പുനരാരംഭിച്ച സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു തമിഴ്‌നാട്. എന്നാൽ അനിയന്ത്രിതമായ ജനത്തിരക്കാണ് ഷോപ്പിന് മുന്നിലുണ്ടായത്. ഇതോടെ കമലഹാസന്റെ മക്കൾ നീതി മെയ്യം ഉൾപ്പെടെയുള്ള പാർട്ടികൾ മദ്യശാലകൾ പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് എല്ലാ മദ്യവില്പനശാലകളും പൂട്ടാൻ മദ്രാസ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. മദ്യ വിതരണം ഓൺലൈൻ വഴിയാക്കാനും കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ന് സുപ്രീം കോടതി ഹർജി പരിഗണിക്കും.