ന്യൂഡൽഹി: '' മാർച്ച് 17 മുതൽ ഞങ്ങൾ മുറിയിൽ അടച്ച് ഇരിപ്പാണ്. ഇവിടെ ഇറാക്കിൽ കൊവിഡ് രോഗികൾ ക്രമാതീതമായി വർദ്ധിച്ചതോടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജോലി ചെയ്‌തിരുന്ന എണ്ണ കമ്പനി അടച്ചു. സ്ഥിതി മോശമായതോടെ പാക്കിസ്ഥാൻ അടക്കമുള്ള എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളെ അതത് സർക്കാരുകൾ തിരികെ കൊണ്ട് പോയി. ഞങ്ങൾ എംബസിയുമായി ബന്ധപ്പെടുമ്പോൾ ഇന്ത്യയിൽ നിന്ന് യാതൊരു വിവരവും ഇല്ലെന്നാണ് പറയുന്നത്. ഇറാക്കിലെ മലയാളികളെക്കുറിച്ച് ആരും പറഞ്ഞും കേൾക്കുന്നില്ല. വിമാനത്തിലോ കപ്പലിലോ ടിക്കറ്റെടുക്കാം. ദയവായി ഞങ്ങളെ നാട്ടിലെത്തിക്കണേ!''
കൊവിഡ് രൂക്ഷമായ ഇറാക്കിൽ രണ്ട് മാസത്തോളമായി കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ സംഘത്തിന്റെ ഓഡിയോ സന്ദേശമാണിത്. ആരും ആശ്രയിക്കാനില്ലാത്ത സംഘം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായം തേടുകയാണ്.
ഇറാക്കിലെ ബസ്രയിലെ രണ്ട് എണ്ണകമ്പനിയിലെ ജീവനക്കാരാണ് 15 മലയാളികൾ അടങ്ങിയ അൻപതംഗ ഇന്ത്യൻ സംഘത്തിലുള്ളത്. ഇന്ത്യൻ സർക്കാരിന്റെ അനുമതിയോടെ ഇ - മൈഗ്രന്റ് ചെയ്‌ത് എത്തിയരാണ് ഇവർ. 2013 മുതൽ ഇന്ത്യൻ സർക്കാരിന്റെ അനുമതിയോടെ ഇറാക്കിലെ എണ്ണപ്പാടങ്ങളിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് ഇവർ പറയുന്നു. ആഭ്യന്തര യുദ്ധം നടക്കുന്ന ഇറാക്കിൽ ജീവിതം കൂട്ടിമുട്ടിക്കാനാണ് ജീവൻ പണയം വച്ചും ഇക്കൂട്ടർ ഇത്രയും നാൾ ജോലി ചെയ്‌തത്. ലോക്ക് ഡൗൺ പ്രഖ്യാപവും കൊവിഡ് വ്യാപനവും വന്നതോടെ പാക്കിസ്ഥാൻ , ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ , ബ്രിട്ടൻ, ലെബനൺ, പാലസ്തീൻ, ഫിലിപ്പൈൻസ് തുടങ്ങി പത്തോളം രാജ്യങ്ങൾ അവരുടെ തൊഴിലാളികളെ തിരികെ കൊണ്ട് പോയി. സുരക്ഷാ പ്രശ്നങ്ങളുതിനാൽ ക്യാമ്പിൽ തന്നെയാണ് കഴിച്ച് കൂട്ടുന്നത്. പുറത്തിറങ്ങി ആരോടും സഹായം ചോദിക്കാൻ പോലും പറ്റാത്ത അവസ്ഥ.
സംഘത്തിൽ പലരും രോഗികളാണ്. നാട്ടിൽ നിന്ന് മരുന്നെത്തിച്ചാണ് ചികിത്സ. സാധാരണ രോഗങ്ങൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ പോലും ഇല്ലാത്ത ഇറാക്ക് കൊവിഡിൽ നട്ടം തിരിയുകയാണെന്നാണ് സംഘം പറയുന്നത്.
എന്നാൽ ഇന്ത്യൻ സർക്കാരിൽ നിന്ന് പ്രതികരണമുണ്ടാകുന്നില്ലെന്നാണ് എംബസി അധികൃതർ പറയുന്നത്. ഗൾഫ്, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നുവെന്ന വാർത്തകൾ എത്തിയോടെ 250 പേർ രജിസ്റ്റർ ചെയ്‌ത് കാത്തിരിപ്പാണ്. വിമാനമോ, കപ്പലോ ഏതായാലും വേണ്ടില്ല. ടിക്കറ്റിനായി എത്ര രൂപ ചെലവഴിക്കാനും തയ്യാറാണ്.തിരികെ ജീവനോടെ നാട്ടിലെത്തിക്കണമെന്ന് മാത്രമാണ് അഭ്യർത്ഥന.