ന്യൂഡൽഹി:മദ്യശാലകളിലെ തിരക്ക് നിയന്ത്രിച്ച് പൊലീസുകാരുടെ ജീവൻ അപകടത്തിലാക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് ഡൽഹി പൊലീസ് കമ്മീഷണർ എസ്. എൻ. ശ്രീവാസ്തവ. എല്ലാ പൊലീസുകാരും തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

മദ്യശാലകൾക്ക് മുൻപിൽ ഫുട്‌ബോൾ മത്സരമൊന്നുമല്ലല്ലോ നടക്കുന്നത്. പിന്നെന്തിനാണ് പൊലീസുകാർ മദ്യശാലയ്ക്ക് മുന്നിലെത്തുന്ന ആളുകളെ നിയന്ത്രിക്കുന്നത്. ഓൺലൈൻ ടോക്കൻ സംവിധാനം കൃത്യമായി പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം മദ്യശാലകൾ തുറന്നാൽ മതി . എല്ലാ സ്റ്റേഷനുകളും പൊലീസ് കോളനികളും ശുചീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. ഐ.സി.യു. ശുചിയാക്കുന്നത് പോലെ പൊലീസ് സ്റ്റേഷൻ ശുചീകരിക്കണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. എല്ലാ സ്റ്റേഷനുകളിലും അപ്രതീക്ഷിത സന്ദർശനം നടത്തി നടപടികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

പൊലീസുകാർക്ക് ഗ്ലൗസുകളും മാസ്‌കുകളും വിതരണം ചെയ്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് മേഖലകളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് പി.പി.ഇ. കിറ്റുകളും നൽകുന്നുണ്ട്. വെള്ളം, സാനിറ്റൈസർ, വിശ്രമിക്കാനുള്ള സൌകര്യം എന്നീ സംവിധാനമുള്ള ടെന്റുകൾ പൊലീസ് പിക്കറ്റുകൾക്ക് അടുത്ത് ഏർപ്പെടുത്തുന്നുണ്ടെന്നും എസ്. എൻ. ശ്രീവാസ്തവ പറയുന്നു.