ന്യൂഡൽഹി: ലോക് ഡൗണിനെ തുടർന്ന് ഡൽഹിയിൽ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിക്കാനുള്ള പ്രത്യേക ട്രെയിൻ ഈയാഴ്ച പുറപ്പെടും. ഡൽഹിയടക്കം വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളി വിദ്യാർത്ഥികൾക്കായിരിക്കും ആദ്യത്തെ ട്രെയിനിൽ മുൻഗണന. ഇതിനകം 1400 വിദ്യാർത്ഥികൾ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്തിമപട്ടിക തയാറാക്കിവരുകയാണ്.
ഇതിനു പുറമെ ഗർഭിണികൾ, ജോലി രാജി വച്ച് നാട്ടിൽ പോകാനിരിക്കുന്ന നഴ്സുമാർ, ജോലി നഷ്ടപ്പെട്ടവർ, മുതിർന്ന പൗരൻമാർ, നാട്ടിൽ അടിയന്തര ചികിത്സ ആവശ്യമുള്ളവർ എന്നിവരുടെ മുൻഗണനാ പട്ടികയും തയാറാക്കുന്നുണ്ട്. ഈ ആഴ്ച ഒരു ട്രെയിൻ പുറപ്പെടാനാണ് ധാരണയെങ്കിലും, കൂടുതൽ സർവീസുകൾക്കായി റെയിൽവേ മന്ത്രാലയത്തെ സമീപിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഡൽഹി കേരളഹൗസിലെ നോർക്ക ഓഫീസ്, കേരള സർക്കാരിൻറെ പ്രത്യേക പ്രതിനിധി എ സമ്പത്തിൻറെ ഓഫീസ് എന്നിവ കേന്ദ്രീകരിച്ചാണ് മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നത്.
ഡൽഹി കേരളഹൗസ് ആസ്ഥാനമായി നോർക്കയുടെ നേതൃത്വത്തിൽ 011-23360322 എന്ന നമ്പറിൽ മുഴുവൻ സമയ ഹെൽപ്പ് ഡെസ്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.നോർക്ക വഴി രജിസ്റ്റർ ചെയ്തവരെ ഫോണിൽ ബന്ധപ്പെട്ട് യാത്രയുടെ അടിയന്തരസ്വഭാവം ഹെൽപ്പ് ഡെസ്‌ക്ക് ഉറപ്പ് വരുത്തുന്നു. പ്രത്യേക ട്രെയിനിൽ പരമാവധി 1200 പേരെയാണ് കൊണ്ടുവരാനാവുക. ഇതിൽ കൂടുതൽ പേർക്ക് അടിയന്തരമായി യാത്ര ആവശ്യമാണെങ്കിൽ കൂടുതൽ ബോഗികൾ ഉൾപ്പെടുത്താനുള്ള ശ്രമവും നടത്തുന്നു. കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ ആവശ്യപ്പെട്ട് ഡൽഹി മലയാളി അസോസിയേഷൻ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ എന്നീ സംഘടനകളും റെയിൽവെ മന്ത്രാലയത്തെ സമീപിച്ചു.