corona-virus

ന്യൂഡൽഹി: തുടർച്ചയായ പത്താം ദിവസവും പനി അനുഭവപ്പെട്ടില്ലെങ്കിൽ കൊവിഡ് പരിശോധനയില്ലാതെ വീടുകളിലെ 17 ദിവസത്തെ ഐസൊലേഷൻ അവസാനിപ്പിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖയിൽ പറയുന്നു. കൊവിഡ് ബാധ നേരിയ തോതിലെന്ന് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയവർക്ക് വീട്ടിൽ ക്വാറന്റൈനിൽ കഴിയാമെന്ന ഏപ്രിൽ 27ന്റെ മാർഗരേഖ പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി പരിഷ്‌കരിച്ചു.

പുതുക്കിയ മാർഗരേഖ

1. നേരിയ തോതിൽ രോഗബാധ, രോഗലക്ഷണങ്ങളുടെ തുടക്കം എന്നിവ ഡോക്‌ടർ സാക്ഷ്യപ്പെടുത്തിയവർക്ക് വീട്ടിൽ സ്വയം ഐസൊലേഷനിൽ കഴിയാനും സമ്പർക്കം പുലർത്തിയവർക്ക് ക്വാറന്റൈനിൽ കഴിയാനും സൗകര്യം ഉണ്ടാകണം.

2.ആരോഗ്യപ്രവർത്തകരുമായി 24മണിക്കൂറും ബന്ധപ്പെടാനുള്ള സഹായി വേണം. സഹായിയും സമ്പർക്കം പുലർത്തിയവരും ഡോക്ടറുടെ ഉപദേശപ്രകാരം ഹൈഡ്രോക്‌സി ക്ളോറോക്വിൻ ഗുളിക കഴിക്കണം.

3. ആരോഗ്യ സേതു ആപ്പിൽ രജിസ്‌റ്റർ ചെയ്യണം. തുടർപരിശോധനക്കായി ജില്ലാ സർവലൻസ് സംഘവുമായി സഹകരിക്കണം.

4.വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനുള്ള സാക്ഷ്യപത്രം നൽകണം.

5.ശ്വാസം മുട്ടൽ, നെഞ്ചുവേദന, മാനസിക ബുദ്ധിമുട്ട്, എഴുന്നേൽക്കാൻ ബുദ്ധിമുട്ട്, ചുണ്ടിലും മുഖത്തും നീലിക്കൽ തുടങ്ങിയവ അനുഭവപ്പെട്ടാൽ മെഡിക്കൽ ഓഫീസറെ അറിയിക്കണം.

6. തുടർച്ചയായ പത്തു ദിവസം പനിയില്ലെങ്കിൽ 17 ദിവസത്തിന് ശേഷം കൊവിഡ് പരിശോധന കൂടാതെ ഐസൊലേഷൻ അവസാനിപ്പിക്കാം.

കൊവിഡ് തോതറിയാൻ രാജ്യത്ത് ജില്ലാ സർവേ

ന്യൂഡൽഹി:കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുത്ത ജില്ലകളിൽ ഗ്രൂപ്പടിസ്ഥാനത്തിൽ പരിശോധനയും കണക്കെടുപ്പും നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. രോഗവ്യാപനത്തിന്റെ തോത് മനസിലാക്കാൻ കൂടിയാണിത്.

ഐ.സി.എം.ആർ, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം എന്നിവയുടെ മേൽനോട്ടത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ്, ബന്ധപ്പെട്ട ഏജൻസികൾ എന്നിവയുടെ സഹായത്തോടെയാണ് കണക്കെടുപ്പ്.

കണക്കെടുപ്പും പരിശോധനയും

# ഓരോ ജില്ലയിലും ആറ് സർക്കാർ ആശുപത്രികൾക്കും നാല് സ്വകാര്യ ആശുപത്രികൾക്കും ചുമതല.
# ജനങ്ങളെ രോഗബാധ കുറഞ്ഞവരെന്നും കൂടിയവരെന്നും രണ്ട് ഗ്രൂപ്പായി തിരിക്കും.

# ഓരോ ഗ്രൂപ്പിൽ നിന്നും ആഴ്ചയിൽ അമ്പതുപേർ എന്ന തോതിൽ തിരഞ്ഞെടുത്ത് ആരോഗ്യ പ്രവർത്തകർ അവരുടെ സാമ്പിൾ ശേഖരിക്കും.

# ആദ്യ ഘട്ടത്തിൽ 25 പേർക്ക് ഒന്നിച്ച് പൂൾ ടെസ്റ്റാണ് നടത്തുക. ആർ.ടി പി.സി.ആർ പരിശോധനയ്ക്കായി തൊണ്ടയിലെയും മൂക്കിലെയും സ്രവത്തിനു പുറമെ രക്ത സാമ്പിളുകളും ശേഖരിച്ച് ആന്റിബോഡി, എലിസ പരിശോധനകളും നടത്തും.

# പിന്നീടുള്ള ഘട്ടങ്ങളിൽ ആർ.ടി പി.സി.ആർ ടെസ്‌റ്റുകൾ മാത്രമാണുണ്ടാകുക.

# ഓരോ പ്രദേശത്തെയും ഫലങ്ങൾ പ്രത്യേകം വിലയിരുത്തും. രോഗമുള്ള വ്യക്തികൾ, സമയം, തിയതി, രോഗത്തിന്റെ പ്രവണത എന്നിവ കണക്കാക്കി തുടർനടപടി നിശ്‌ചയിക്കും.