ന്യൂഡൽഹി:കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുത്ത ജില്ലകളിൽ ഗ്രൂപ്പടിസ്ഥാനത്തിൽ പരിശോധനയും കണക്കെടുപ്പും നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. രോഗവ്യാപനത്തിന്റെ തോത് മനസിലാക്കാൻ കൂടിയാണിത്.

ഐ.സി.എം.ആർ, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം എന്നിവയുടെ മേൽനോട്ടത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ്, ബന്ധപ്പെട്ട ഏജൻസികൾ എന്നിവയുടെ സഹായത്തോടെയാണ് കണക്കെടുപ്പ്.

കണക്കെടുപ്പും പരിശോധനയും

# ഓരോ ജില്ലയിലും ആറ് സർക്കാർ ആശുപത്രികൾക്കും നാല് സ്വകാര്യ ആശുപത്രികൾക്കും ചുമതല.
# ജനങ്ങളെ രോഗബാധ കുറഞ്ഞവരെന്നും കൂടിയവരെന്നും രണ്ട് ഗ്രൂപ്പായി തിരിക്കും.

# ഓരോ ഗ്രൂപ്പിൽ നിന്നും ആഴ്ചയിൽ അമ്പതുപേർ എന്ന തോതിൽ തിരഞ്ഞെടുത്ത് ആരോഗ്യ പ്രവർത്തകർ അവരുടെ സാമ്പിൾ ശേഖരിക്കും.

# ആദ്യ ഘട്ടത്തിൽ 25 പേർക്ക് ഒന്നിച്ച് പൂൾ ടെസ്റ്റാണ് നടത്തുക. ആർ.ടി പി.സി.ആർ പരിശോധനയ്ക്കായി തൊണ്ടയിലെയും മൂക്കിലെയും സ്രവത്തിനു പുറമെ രക്ത സാമ്പിളുകളും ശേഖരിച്ച് ആന്റിബോഡി, എലിസ പരിശോധനകളും നടത്തും.

# പിന്നീടുള്ള ഘട്ടങ്ങളിൽ ആർ.ടി പി.സി.ആർ ടെസ്‌റ്റുകൾ മാത്രമാണുണ്ടാകുക.

# ഓരോ പ്രദേശത്തെയും ഫലങ്ങൾ പ്രത്യേകം വിലയിരുത്തും. രോഗമുള്ള വ്യക്തികൾ, സമയം, തിയതി, രോഗത്തിന്റെ പ്രവണത എന്നിവ കണക്കാക്കി തുടർനടപടി നിശ്‌ചയിക്കും.