ന്യൂഡൽഹി:രാജ്യതലസ്ഥാനത്തുനിന്ന് വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലേക്ക് ഇന്ന് മുതൽ സർവീസ് നടത്തുന്ന 15 ട്രെയിനുകളിൽ സീറ്റ് ഉറപ്പാക്കാനുള്ള തത്രപ്പാടിലായിരുന്നു ഡൽഹിയിലെ മലയാളികൾ അടക്കമുള്ള മറുനാട്ടുകാർ.
എന്നാൽ, ഇന്നലെ ബുക്കിംഗ് സൈറ്റ് തുറന്ന് നിമിഷങ്ങൾക്കകം തകരാറിലായത് കാത്തിരിക്കുന്നവരെ വെട്ടിലാക്കി. പരിധിയിലേറെപ്പേർ ഒന്നിച്ച് സൈറ്റ് സന്ദർശിച്ചതാണ് പ്രശ്നമായതെന്ന് റെയിൽവേ വിശദീകരിച്ചു.
ആദ്യ ട്രെയിൻ ഇന്ന് വൈകിട്ട് ഹൗറയിലേക്കാണ്. കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ രാവിലെ 11.25ന് പുറപ്പെടും. വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് എത്തും.
സ്വകാര്യ ആശുപത്രികളിലെ തൊഴിൽ നഷ്ടപ്പെട്ട രണ്ടായിരത്തിലേറെ നഴ്സുമാരും ആയിരത്തിലേറെ വിദ്യാർത്ഥികളും അടക്കം അയ്യായിരത്തിലേറെപ്പേരാണ് കേരളത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്.
കൊങ്കൺ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന് കോഴിക്കോട്ടും എറണാകുളത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പ്രമുഖ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാർ രംഗത്ത് എത്തിയിട്ടുണ്ട്.
കേരളത്തിലേക്ക്
3500 - 7500 രൂപ
പ്രീമിയം ടിക്കറ്റ് നിരക്കാണ് ഈടാക്കുക. കേരളത്തിലേക്ക് 3800 മുതൽ 7000 രൂപവരെ നിരക്കിൽ ടിക്കറ്റ് ലഭിക്കും.
ഭക്ഷണം അടക്കം പ്രത്യേക സേവനം നൽകാത്ത യാത്രയ്ക്ക് രാജധാനിയുടെ നിരക്കാണ് ഈടാക്കുന്നത്. എ.സി കോച്ചുകളാണ്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
#1600 ലേറെ ബർത്തുകൾ
# ഒരു ബർത്തിൽ ഒരാൾ മാത്രം
# ടിക്കറ്റ് കൺഫേം ചെയ്തിരിക്കണം
# എ.ആർ.സി ടിക്കറ്റ് നൽകില്ല
# ഒന്നര മണിക്കൂർ മുൻപ് എത്തണം
# കൊവിഡ് പരിശോധന നടത്തി മാത്രം പ്രവേശനം
# ഫോണിൽ ആരോഗ്യസേതു ആപ്പ് നിർബന്ധം
# മാസ്ക് നിർബന്ധം, സാനിറ്റൈസർ ട്രെയിനിലുണ്ട്
ഭക്ഷണം കരുതണം
ആഹാരം കരുതണം. ബിസ്ക്കറ്റ് അടക്കമുള്ള പായ്ക്കറ്റ് സ്നാക്ക് ട്രെയിനിൽ കിട്ടും, വില കൊടുക്കണം. ബെഡ് ഷീറ്റോ തലയണയോ തരില്ല.
റദ്ദാക്കിയാൽ
പകുതിപ്പണം
ഇരുപത്തിനാലു മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കാം,
പകുതിപ്പണം തിരിച്ചുതരും.
റിസർവേഷൻ ഏഴു ദിവസംമുൻപുവരെ മാത്രം.
തൽക്കാൽ അടക്കമുള്ള പ്രത്യേക ടിക്കറ്റുകൾ ഇല്ല
കാത്തിരിക്കുന്നമലയാളികൾ
വിദ്യാർത്ഥികൾ : 1177
നഴ്സുമാർ: 2000
മൊത്തം: 5879 പേർ
ട്രെയിൻ ഷെഡ്യൂൾ
ന്യൂഡൽഹി - തിരുവനന്തപുരം: തുടക്കം മേയ് 13 (ചൊവ്വ, ബുധൻ, ഞായർ) തിരുവനന്തപുരം - ന്യൂഡൽഹി: തുടക്കം മേയ് 15 (ചൊവ്വ,വ്യാഴം,വെള്ളി)
24 കോച്ചുകൾ
സ്പെഷ്യൽ രാജധാനി എക്സ് പ്രസാണ്.
ജനറൽ ബോഗി ഉണ്ടാകില്ല. നാലു ടു ടയർ എ.സി. കോച്ചുകൾ,
20 ത്രീ ടയർ എ.സി കോച്ചുകൾ.
എൽ.എച്ച്.ബി. കോച്ചുകളാണെങ്കിൽ 1,654 യാത്രക്കാർക്കും ഐ.സി.എഫ്. കോച്ചുകളാണെങ്കിൽ 1,444 യാത്രക്കാർക്കും സഞ്ചരിക്കാം.
രാജ്യത്ത് വിമാന
സർവീസും ഉടൻ
മേയ് 17 മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ ആലോചന
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് റദ്ദാക്കിയ വിമാന സർവീസുകൾ മേയ് 17 മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ ആലോചനകൾ നടക്കുന്നതായി സൂചന.
വാണിജ്യ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾക്കായിഇന്നലെ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്രട്ടറിയും വ്യോമയാന വകുപ്പ് ഡയറക്ടർ ജനറലും ഡൽഹിയിലേതടക്കമുള്ള വിമാനത്താവളങ്ങൾ സന്ദർശിച്ചിരുന്നു.
ആദ്യ ഘട്ടത്തിൽ, 25 ശതമാനം റൂട്ടുകളിലാവും സർവീസ് നടത്തുകയെന്നും, രണ്ടര മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള യാത്രകൾക്ക് ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നുമാണ് ഏവിയേഷൻ വിഭാഗത്തിന്റെ തീരുമാനമെന്നാണ് വിവരം.ഔദ്യോഗിക നിർദ്ദേശം ലഭിച്ചാലുടൻ യാത്രകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ആഭ്യന്തര വിമാനങ്ങൾ. താരതമ്യേന യാത്രക്കാർ കൂടുതലുള്ള പ്രധാന റൂട്ടുകളായ ഡൽഹി, മുംബെ, ബെംഗളുരു എന്നിവിടങ്ങളിലേക്കാവും ആദ്യ ആഭ്യന്തര വിമാനങ്ങൾ പറക്കുക. ഗ്രീൻ സോണുകളിലേക്കാവും മുഖ്യ പരിഗണനയും.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മാർച്ച് 23 ന് പുലർച്ചെ 1.30 നാണ് ഇന്ത്യയിൽ അന്താരാഷ്ട്ര വാണിജ്യ വിമാന സർവ്വീസുകൾ നിറുത്തിവച്ചത്. മാർച്ച് 24 മുതൽ ആഭ്യന്തര വിമാന സർവ്വീസുകളും നിറുത്തിവച്ചു.
വന്ദേ ഭാരത്പദ്ധതിയുടെ ഭാഗമായി നിലവിൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ രാജ്യത്ത് നടക്കുന്നുണ്ട്.