ന്യൂഡൽഹി: സ്വകാര്യക്ലിനിക്കുകൾ, നഴ്‌സിംഗ് ഹോമുകൾ, ലാബുകൾ എന്നിവ എല്ലാ ആരോഗ്യവിദഗ്ദ്ധരെയും ജീവനക്കാരെയും ഉൾപ്പെടുത്തി തുറക്കാൻ സംസ്ഥാന സർക്കാരുകൾ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു. മുംബയ് അടക്കം കൊവിഡ് പടർന്നു പിടിക്കുന്ന സ്ഥലങ്ങളിൽ സർക്കാർ ആശുപത്രികളിലെ ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണിത്.
എല്ലാ രോഗികൾക്കും കോവിഡ്, കോവിഡിതേര അടിയന്തിര സാഹചര്യങ്ങളിൽ തടസ്സമില്ലാതെ സേവനങ്ങൾ നൽകാനും ആശുപത്രികളുടെ ഭാരം ലഘൂകരിക്കാനും സ്വകാര്യ ക്ളിനിക്കുകളുടെയും നഴ്സിംഗ് ഹോമുകളുടെയും പ്രവർത്തനം സഹായമാകുമെന്ന് കേന്ദ്ര സർക്കാർ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവിദഗ്ധർ, നഴ്‌സുമാർ, പാരാ മെഡിക്കൽ, ശുചികരണ ജീവനക്കാർ, ആംബുലൻസുകൾ എന്നിവയുടെ സുഗമമായ നീക്കം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.