visakhapatnam-outbreak
VISAKHAPATNAM OUTBREAK

ന്യൂഡൽഹി: വിശാഖപട്ടണത്ത് എൽ.ജി പ്ളാസ്റ്റിക് ഫാക്‌ടറിയിലുണ്ടായ വാതക ചോർച്ചയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനു ശേഷം നിർമാണ വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നടപടികൾ വിശദീകരിച്ച് കേന്ദ്രസർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി. ഇവ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശന പരിശോധനയുണ്ടാകും.

ഏറെ നാളായി പ്രവർത്തനരഹിതമായ വ്യവസായ ശാലകളിലെ പൈപ്പുകൾ, വാൽവുകൾ തുടങ്ങിയവയിൽ രാസവസ്തുക്കൾ അടിഞ്ഞിരിക്കാൻ സാദ്ധ്യതയുള്ളത് ഭീഷണിയാണെന്ന് മാർഗരേഖയിൽ പറയുന്നു. വൈദ്യുത മെക്കാനിക്കൽ രാസ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നവർക്കും ശ്രദ്ധ വേണം.

സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള ദുരന്ത നിവാരണ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ജില്ലാതലത്തിൽ തന്നെ ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.