ആകെ രോഗികൾ- 67152 ,മരണം- 2206
കേരളത്തിൽ നിന്ന് ഒഡിഷയിലേക്ക് മടങ്ങിയ ഒരാൾക്ക് രോഗബാധ
ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾക്കിടെ, കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. 24 മണിക്കൂറിനിടെ 4213 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 97 പേർ മരിച്ചു. ഇതാദ്യമായാണ് പുതിയ രോഗികളുടെ എണ്ണം ഒരു ദിവസം നാലായിരം കടക്കുന്നത്.
രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 67152 ആയി ഉയർന്നു. ഇതിൽ 44029 പേർ ചികിത്സയിലാണ്. മരിച്ചവരുടെ എണ്ണം 2206. അതേസമയം , രോഗമുക്തി നിരക്ക് 31.15 ശതമാനമായ ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 1559 പേർക്ക് രോഗം ഭേദമായി. ആകെ 20917 പേർ ഇതുവരെ രോഗമുക്തി നേടി.
ഒഡിഷയിൽ മടങ്ങിയെത്തിയ 137 കുടിയേറ്റത്തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു . 136 പേരും ഗുജറാത്തിലെ സൂറത്തിൽ നിന്നെത്തിയവരാണ്. ഒരാൾ കേരളത്തിൽ നിന്ന്.
ആറ് ബി.എസ്.എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ത്രിപുരയിലും ഡൽഹിയിലും ഓരോ ജവാനും കൽക്കത്തയിൽ നാലു ജവാന്മാർക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ മരണങ്ങളില്ലെന്ന് ഡൽഹി സർക്കാർ . പുതുതായി 310 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 7233 . മരണം 73.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 1000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 221 പൊലീസുകാർക്ക് സ്ഥിരീകരിച്ചു.
ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ ഉർജ്ജമന്ത്രാലയ ഓഫീസ് അടച്ചു.