mohanlal

ന്യൂഡൽഹി: "ഹലോ ഞാൻ ആക്ടർ മോഹൻലാൽ, മദ്രാസിൽ നിന്നാണ്... "

ആരോ കളിയാക്കാൻ വിളിക്കുകയാണെന്നാണ് ദുബായ് മെഡിയോർ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അനുമോൾ ജോസഫ് ആദ്യം കരുതിയത്. പിന്നീട് ആളെ തിരിച്ചറിഞ്ഞപ്പോൾ അദ്ഭുതവും സന്തോഷവും. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന്റെ ഭാഗമായി അഭിവാദ്യം അർപ്പിക്കാൻ വിളിച്ചതായിരുന്നു ലാൽ.

കൊവിഡിനെതിരെ പോരാടുന്ന പ്രവാസി നഴ്‌സുമാർക്ക് തന്റെയും നാടിന്റെയും പൂർണ പിന്തുണയുണ്ടെന്നും ആരോഗ്യപ്രവർത്തകരാണ് ഞങ്ങളുടെ ഹീറോകളെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ വരുമ്പോൾ നേരിൽ കാണാമെന്ന് വാക്കു കൊടുത്താണ് താരം സംഭാഷണം അവസാനിപ്പിച്ചത്.

അബുദാബി ബുർജീൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് പ്രിൻസി ജോർജിനും വന്നു,​ സൂപ്പർ താരത്തിന്റെ വിളി. ഫോണിൽ ലൗഡ്‌സ്പീക്കറിട്ട് താരവുമായി സംസാരിക്കാൻ സഹപ്രവർത്തകർക്കും അവസരമൊരുക്കി.

കഴിഞ്ഞ ഡിസംബറിൽ കൈയിലെ പരിക്കിന് ചികിത്സ തേടിയ ആശുപത്രിയിലേത് ഉൾപ്പെടെ വി.പി.എസ് ഹെൽത്ത്‌കെയറിനു കീഴിലുള്ള യു.എ.ഇയിലെ വിവിധ ആശുപത്രികളിലെ പതിനൊന്ന് നഴ്‌സുമാരെയാണ് സൂപ്പർതാരം നേരിട്ടു വിളിച്ചത്.