ലോക്ക് ഡൗൺ നീളുമെന്ന സൂചന നൽകി പ്രധാനമന്ത്രി
പ്രതീക്ഷിക്കുന്ന ഇളവുകൾ അറിയിക്കാൻ നിർദ്ദേശം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക് ഡൗൺ തുടരേണ്ടിവരുമെന്ന സൂചന നൽകി പ്രധാനമന്ത്രി. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ ഇളവുകളോടെയാകും നാലാംഘട്ട പ്രതിരോധ നടപടി. ഏതെല്ലാം മേഖലകളിലാണ് ഇളവുകൾ വേണ്ടതെന്ന് അറിയിക്കാൻ, ഇന്നലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. മൂന്നു ദിവസത്തിനകം ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകണം.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായകമാകും വിധം കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിൽ നൽകുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇളവുകൾ അനുവദിക്കുമ്പോഴും കൊവിഡ് വ്യാപനം തടയാൻ ജാഗ്രത വേണം. രാത്രി കർഫ്യൂ തുടരുന്നത് നന്നാവുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് വ്യാപനം ആശങ്കാജനകമായ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതു വരെ ഗ്രീൻ സോണുകളിൽ കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മോദിയോട് ആവശ്യപ്പെട്ടു. അതേസമയം, വൈറസ് ബാധയിൽ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി ലോക്ക് ഡൗൺ മതിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ മാർച്ച് 22 നു പ്രഖ്യാപിച്ച പതിന്നാലു മണിക്കൂർ ജനതാ കർഫ്യൂവിനു പിന്നാലെ, 24 നാണ് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. മൂന്നാഴ്‌ചത്തേക്ക് പ്രഖ്യാപിച്ചിരുന്ന ആദ്യഘട്ട കർഫ്യൂ പിന്നീട് മെയ് മൂന്നു വരെയും അതിനു ശേഷം 17 വരെയും നീട്ടുകയായിരുന്നു. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം പ്രധാനമന്ത്രി നടത്തിയ അഞ്ചാമത്തെ വീഡിയോ കോൺഫറൻസിൽ എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരം നൽകിയതിനാൽ മണിക്കൂറുകളോളം നീണ്ടു.
ലോക്ക് ഡൗൺ
തുടരണം
വൈറസ് ഭീഷണി ഒഴിവാകാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ തുടരണമെന്ന് മഹാരാഷ്‌ട്ര, തെലങ്കാന, തമിഴ്നാട്, ബീഹാർ, ആസം, പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു.
സോൺ വിഭജനം:
സ്വാതന്ത്ര്യം വേണം
റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകൾ വിഭജിക്കുന്നതിലെ കേന്ദ്ര മാനദണ്ഡത്തെ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ ചോദ്യം ചെയ്‌തു. സോൺ വിഭജനം സംസ്ഥാനങ്ങൾക്കു വിടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു.
ഗുജറാത്തിലെ വ്യവസായ മേഖല പൂർണമായി തുറക്കാൻ ലക്ഷ്യമിട്ടാണ് ലോക്ക് ഡൗൺ നീട്ടരുതെന്ന നിർദ്ദേശം വിജയ് രുപാണി വച്ചത്. നിരീക്ഷണ മേഖലകളിലൊഴികെ കൂടുതൽ സാമ്പത്തിക ഇളവുകൾ നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു.
ട്രെയിൻ, വിമാന
സർവീസ് വേണ്ടെന്ന്
ട്രെയിൻ, വിമാന സർവീസ് ഉടൻ തുടങ്ങുന്നതിനെ തെലങ്കാന, തമിഴ്നാട് മുഖ്യമന്ത്രിമാർ എതിർത്തു. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യണമെന്ന് ഛത്തിസ്ഗഡ്, ഒഡിഷ മുഖ്യമന്ത്രിമാർ പറഞ്ഞു. ലോക്കൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ആവശ്യപ്പെട്ടു.