ന്യൂഡൽഹി: ജമ്മു കാശ്മീരിൽ 4 ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന ഹർജികളിൽ ഉന്നതാധികാര സമിതി രൂപീകരിക്കാൻ നിർദേശിച്ച് സുപ്രീംകോടതി. ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ വാർത്താ വിനിമയ മന്ത്രാലയം സെക്രട്ടറി, ജമ്മു കാശ്മീർ ചീഫ് സെക്രട്ടറി എന്നിവർ ഉൾപ്പെടും. സമിതി റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമാകും കേസിൽ തുടർ നടപടി.
ജമ്മു കാശ്മീരിലെ സുരക്ഷയെക്കുറിച്ചാകും സമിതി വിലയിരുത്തുക. ഇതിനൊപ്പം 4ജി ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്ന് ഹർജിക്കാരുടെ ആവശ്യവും പരിഗണിക്കണം.
ജസ്റ്റിസ് എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
കാശ്മീരിൽ ഇപ്പോഴും ഭീകരന്മാരുണ്ടെന്നും അതിനാൽ 4ജി അനുവദിക്കരുതെന്നുമാണ് കേന്ദ്ര നിലപാട്. നിലവിൽ ലഭിക്കുന്ന 2ജി ഇൗ ലോക്ക് ഡൗൺ സമയത്ത് പര്യാപ്തമല്ലെന്ന് കാട്ടി ഫ്രീഡം ഫോർ മീഡിയ പ്രൊഫഷണൽസ് (എഫ്.എം.പി), ശുഐബ് ഖുറേഷി, പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ജമ്മുകാശ്മീർ എന്നിവരാണ് ഹർജി സമർപ്പിച്ചത്.