caa
CAA

ന്യൂഡൽഹി: കൊവിഡ് കാലത്തും വിദ്യാർത്ഥികളെയും മനുഷ്യാവകാശ പ്രവർത്തകരെയും യു.എ.പി.എ ചുമത്തി ജയിലിൽ അടക്കുന്നതിനെ അപലപിച്ച് എട്ട് പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കമുള്ള രാഷ്ട്രീയതടവുകാരെയും അറസ്റ്റിലായ വിദ്യാർത്ഥികളെയും മനുഷ്യാവകാശ പ്രവർത്തകരെയും മോചിപ്പിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണം. സർക്കാർ പ്രതികാര രാഷ്ട്രീയം ഉപേക്ഷിക്കണം. സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽസെക്രട്ടറി ഡി.രാജ, എൽ.ജെ.ഡി നേതാവ് ശരദ് യാദവ്, ആർ.ജെ.ഡിയുടെ മനോജ് ഝാ, സി.പി.ഐ എം.എൽ- ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ, ദേബബ്രത ബിശ്വാസ്(എ.ഐ.എഫ്.ബി), മനോജ് ഭട്ടാചാര്യ(ആർ.എ‌സ്.പി), തിരുമാവളൻ(വി.സി.കെ) എന്നിവരാണ് കത്തയച്ചത്. പൗരത്വഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ കള്ളക്കേസുകളിൽ അറസ്റ്റ് ചെയ്യുകയാണ്. വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയകലാപത്തിൽ പൊലീസ് ഏകപക്ഷീയമായി നടപടിയെടുക്കുന്നുവെന്നും നേതാക്കൾ കത്തിൽ ആരോപിച്ചു.