ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 23000 കടന്നു. ഇന്നലെ 1230 പുതിയ കൊവിഡ് കേസുകളും 36 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ മരണം 868 ആയി ഉയർന്നു.
ഗ്രേറ്റർ മുംബയ് മേഖലയിൽ മാത്രം ഇന്നലെ 791 പുതിയ രോഗബാധിതരുണ്ടായി. 20 മരണവും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ 57 പുതിയ കൊവിഡ് ബാധിതർ കൂടിയായതോടെ ആകെ രോഗബാധിതർ 916 ആയി.
കൊവിഡ് ബാധിതരിൽ രാജ്യത്ത് രണ്ടാമതുള്ള ഗുജറാത്തിൽ 347 പുതിയ കൊവിഡ് രോഗികൾ ഇന്നലെയുണ്ടായി. ആകെ കൊവിഡ് കേസുകൾ 8542.
മൂന്നാമതുള്ള തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ എട്ടായിരം കടന്നു. ഇന്നലെ മാത്രം തമിഴ്‌നാട്ടിൽ 798 പുതിയ രോഗികളുണ്ടായി. ആറുപേർക്ക് ജീവൻനഷ്ടമായി. മൂന്ന് തമിഴ്ചാനലിലെ പത്ത്മാദ്ധ്യമപ്രവർത്തകർക്കും രോഗബാധയുണ്ടായി. ചെന്നൈ നഗരത്തിൽ മാത്രം രോഗികളുടെ എണ്ണം 4371.
നാലായിരം കേസുകളോടടുക്കുന്ന മദ്ധ്യപ്രദേശിൽ ഇന്നലെ 171 പുതിയ രോഗികൾ.
ഉത്തർപ്രദേശിൽ 109 പുതിയ കൊവിഡ് കേസുകൾ. പശ്ചിമബംഗാളിൽ 24 മണിക്കൂറിനിടെ 124 പുതിയ കൊവിഡ് രോഗികളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ രണ്ടായിരം കടന്നു.