arogyasetu
AROGYASETU

ന്യൂഡൽഹി : കൊവിഡ് ട്രാക്കിംഗിനായുള്ള കേന്ദ്ര സ‌ർക്കാരിന്റെ ആരോഗ്യസേതു ആപ്പിൽ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ നിശ്ചിത ദിവസത്തിനുള്ളിൽ സ്വയം അപ്രത്യക്ഷമാകുമെന്ന് (ആട്ടോമാറ്റിക്ക് ഡിലീറ്റ്) കേന്ദ്ര ഐ.ടി മന്ത്രാലയം. ആപ്പിൽ വീഴ്ചകളുണ്ടെന്നും ശേഖരിക്കുന്ന വിവരങ്ങൾ ചോരാൻ സാദ്ധ്യതയുണ്ടെന്നുമുള്ള വിമർശനങ്ങളെത്തുടർന്നാണ് വിശദീകരണം.

ഐ.ടി സെക്രട്ടറി അജയ് പ്രകാശ് സ്വാഹിനി പറയുന്നതിങ്ങനെ:

സ്മാർട്ട് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത ശേഷം വ്യക്തിക്ക് 30 ദിവസം വരെ കൊവിഡ് ബാധിച്ചില്ലെങ്കിൽ സ്വാഭാവികമായും അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങൾ ആപ്പിൽ നിന്ന് ഡിലീറ്റ് ആകും. കൊവിഡ് നെഗറ്റീവ് ആണെങ്കിൽ 45 ദിവസത്തിന് ശേഷവും, കൊവിഡ് പോസിറ്റീവായാൽ രോഗമുക്തി നേടി 60 ദിവസത്തിനകവും വിവരങ്ങൾ മാഞ്ഞുപോകും.

അടിയന്തര ഘട്ടത്തിൽ വിവരങ്ങൾ തിരിച്ചെടുക്കാൻ ശ്രമിച്ചാൽ 180 ദിവസത്തിനുള്ളിലെ വിവരങ്ങളേ തിരികെ ലഭിക്കൂ.

ട്രെയിൻ, വിമാന യാത്രകൾക്കും ഉത്തരേന്ത്യയിലെ നോയിഡ അടക്കമുള്ള നഗരങ്ങളിലും പുറത്ത് ഇറങ്ങി നടക്കാനും ആരോഗ്യസേതു ആപ്പ് സ്മാർട്ട് ഫോണുകളിൽ നിർബന്ധമാണ്. ഇതിനെതിരെ നിയമ വിദഗ്ദ്ധർ അടക്കം രംഗത്തെത്തിയിരുന്നു.

 9.8 കോടി ജനങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തു

 സ്മാർട്ട് ഫോൺ ഇല്ലാത്തവരുടെ വിവരങ്ങൾ 1921എന്ന ടോൾ ഫ്രീ നമ്പരിലൂടെയാണ് ശേഖരിക്കുന്നത്.