ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനസർവീസുകൾ റദ്ദാക്കിയതോടെ അമേരിക്കയിൽ കുടുങ്ങിയ പൂർണ ഗർഭിണിയേയും ഒന്നര വയസുള്ള കുഞ്ഞടക്കമുള്ള കുടുംബത്തേയും ഇന്ന് (13ന്) സാൻഫ്രാൻസിസ്കോയിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ തിരികെയെത്തിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് നാഗേശ്വര റാവു അടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് നിർദേശം. എന്നാൽ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയില്ല.
ബിസിനസ് ട്രപ്പിനായി അമേരിക്കയിലേക്ക് പോയ പൂജ ചൗധരിയും കുടുംബവുമാണ് ലോക്ക്ഡൗണിനെത്തുടർന്ന് അമേരിക്കയിൽ കുടുങ്ങിയത്. കഴിഞ്ഞ മാസം തിരികെ വരാൻ ടിക്കറ്റെടുത്തിരുന്നു. എട്ടുമാസം ഗർഭിണിയായതിനാൽ വിമാനയാത്ര അസാധ്യമാണെന്ന ആശങ്കയിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആളുകളെ തിരികെയെത്തിക്കുമ്പോൾ ഗർഭിണികൾക്ക് പ്രാധാന്യം കൊടുക്കണെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.