supreme-court
SUPREME COURT

ജഡ്ജിമാർ കോടതിമുറിയിൽ വാദം കേൾക്കും

അഭിഭാഷകർ ചേംബറിൽ തന്നെ

ന്യൂഡൽഹി:ലോക്ക് ഡൗണിനെത്തുടർന്ന് അടച്ച സുപ്രീംകോടതി അടുത്തയാഴ്ച പ്രവർത്തനം പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ ജഡ്ജിമാർ കോടതിമുറിയിലെത്തി വാദം കേൾക്കും. അഭിഭാഷകർ ചേംബറിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ വാദിച്ചാൽ മതിയെന്ന് ജസ്റ്റിസ് എൽ.നാഗേശ്വര റാവു അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഇന്നലെ ജസ്റ്റിസ് നാഗേശ്വര റാവു അടങ്ങിയ മൂന്നംഗ ബെഞ്ച് നാലാം കോടതി മുറിയിൽ വാദം കേട്ടിരുന്നു. അതിന് ശേഷമാണ് തീരുമാനം അറിയിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ജഡ്ജിമാർ വീടുകളിൽ നിന്നും അഭിഭാഷകർ ചേംബറുകളിൽ നിന്നും വിഡിയോ കോൺഫറൻസിലൂടെയും സ്കൈപ്പിലൂടെയുമാണ് വാദം നടത്തുന്നത്. ഇന്നലെ മുതൽ സിംഗിൾ ബെഞ്ച് കേസുകൾ പരിഗണിച്ചുതുടങ്ങിയിരുന്നു.

ഏഴ് വർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളിലെ ജാമ്യവുമായി ബന്ധപ്പെട്ട പ്രത്യേകാനുമതി ഹർജികളും ട്രാൻസ്‌ഫർ ഹർജികളുമാണ് ഇന്നലെ പരിഗണിച്ചത്. ഇതിനായി സുപ്രീം കോടതി ചട്ടങ്ങളിൽ രാഷ്ട്രപതിയുടെ അനുമതിയോടെ ചീഫ് ജസ്റ്റിസ് ഭേദഗതി വരുത്തി. ആദ്യമായാണ് സുപ്രീം കോടതിയിൽ ഇത്തരം സംവിധാനം. മുമ്പ് രണ്ടംഗ ബെഞ്ചായിരുന്നു ഇത്തരം കേസുകളിൽ വാദം കേട്ടിരുന്നത്. കേസുകൾ തീർക്കാൻ കോടതി വിശ്രമമില്ലാതെ ജോലി ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു. കഴിഞ്ഞ വർഷം ജൂലായ് വരെയുള്ള 11.5 ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്.