എയർ ഇന്ത്യ ആസ്ഥാനം അടച്ചു
പശ്ചിമബംഗാൾ ആരോഗ്യസെക്രട്ടറിയെ മാറ്റി
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 70000 കടന്നു. 24 മണിക്കൂറിനിടെ 3604 പേർക്ക് രോഗബാധ. 87 പേർ മരിച്ചു. ആകെ കൊവിഡ് കേസുകൾ 70756. മരണം 2293.
അതേസമയം രോഗമുക്തി 31.7 ശതമാനമായി ഉയർന്നു. ഇതുവരെ 22,455 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 1538 പേർക്കാണ് രോഗം ഭേദമായത്. കൊവിഡ് കേസുകളുടെ ഇരട്ടിക്കൽ കാലയളവ് മൂന്നു ദിവസത്തിനിടെ 12.2 ദിവസമായി മെച്ചപ്പെട്ടു. കഴിഞ്ഞ 14 ദിവസമായി ഇത് 10.9 ദിവസമായിരുന്നു.
മരണം 3.2 ശതമാനമാണെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് മികച്ച നേട്ടമാണെന്നും കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. ആഗോള മരണനിരക്ക് 7.5 ശതമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമബംഗാളിൽ രോഗികൾ വർദ്ധിക്കുകയും മരണം ഉയരുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യസെക്രട്ടറി വിവേക് കുമാറിനെ മമത സർക്കാർ പരിസ്ഥിതി വകുപ്പിലേക്ക് മാറ്റി. ഗതാഗത സെക്രട്ടറി നാരായൺ സ്വരൂപ് നിഗമാണ് പുതിയ ആരോഗ്യസെക്രട്ടറി. കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിനെ പലതവണ കേന്ദ്രം വിമർശിച്ചിരുന്നു.
-പശ്ചിമബംഗാളിൽ ഇന്നലെ 110 പുതിയ രോഗികൾ.
-ഡൽഹിയിൽ പുതിയ 406 കേസുകൾ. 13 മരണം.
-രാജസ്ഥാനിൽ 68 പുതിയ രോഗികൾ.
-കർണാടകയിൽ 63 , ആന്ധ്രപ്രദേശിൽ 33 പഞ്ചാബിൽ 37 പുതിയ രോഗികൾ
-ധാരാവിയിൽ 4466 പുതിയ കേസുകളും ഒരു മരണവും
-ജയിലുകളിൽ സാമൂഹിക അകലം ഉറപ്പാക്കാൻ മഹാരാഷ്ട്രയിൽ 50 ശതമാനം തടവുകാർക്കും പരോൾ നൽകും. യു.എ.പി.എ ഉൾപ്പെടെയുള്ള ഗുരുതര കേസുകളിൽ പ്രതിയാകാത്ത 17000 തടവുകാർക്കാണ് താത്കാലിക ഇളവ്. നേരത്തെ മുംബയ് ആർതർ റോഡ് ജയിലിലെ 184 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.
- ജീവനക്കാരന് കൊവിഡ് ബാധിച്ചതോടെ ഡൽഹിയിലെ എയർ ഇന്ത്യ ആസ്ഥാനം രണ്ടുദിവസത്തേക്ക് അടച്ചു. നേരത്തെ അഞ്ച് എയർ ഇന്ത്യ പൈലറ്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും രണ്ടാമത്തെ പരിശോധനയിൽ ഫലം നെഗറ്റീവായി.
-9 ബി.എസ്.എഫ് ജവാൻമാർക്ക് കൂടി കൊവിഡ്. 6 പേർ ഡൽഹിയിലും ഒരാൾ കൽക്കത്തയിലും രണ്ടുപേർ ത്രിപുരയിലുമാണ്.
-ഹരിയാനയിലെ ഗുഡ്ഗാവിൽ മാരുതി സുസുക്കി ജീവനക്കാരന് കൊവിഡ്
-സി.ഐ.എസ്.എഫിലെ എ.എസ്.ഐ കൊവിഡ് ബാധിച്ച് കൊൽക്കത്തയിൽ മരിച്ചു. 55കാരനായ ഇദ്ദേഹം ബംഗാളിലെ ദക്ഷിണ ദിജിനാപുർ സ്വദേശിയാണ്.