സ്വാശ്രയ ഇന്ത്യ, സ്വയം പര്യാപ്തത പുതിയ ലക്ഷ്യം
ആഭ്യന്തര ഉൽപാദനത്തിന്റെ പത്തു ശതമാനം
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി മറികടക്കാനും സ്വയംപര്യാപ്തതയിലേക്ക് രാജ്യത്തെ നയിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുപതു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. സാമ്പത്തിക പരിഷ്കരണത്തിനുള്ള തുടക്കം കൂടിയാണ് ഈ പാക്കേജ്. 1.70 ലക്ഷം കോടിയുടെ ആദ്യ പാക്കേജും റിസർവ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകളും ഉൾപ്പെടുത്തിയാണ് ഇതു നടപ്പാക്കുന്നത്.
ആത്മനിർഭര ഭാരത അഭിയാൻ' എന്ന പേരിൽ നടപ്പാക്കുന്ന പാക്കേജിന്റെ പ്രയോജനം സർവമേഖലകൾക്കും ലഭിക്കുമെന്നും രാജ്യത്തിന്റെ വികസനമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ പത്തു ശതമാനം വരുന്ന 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.
മേഖലകൾ തിരിച്ചായിരിക്കും പ്രഖ്യാപനം.
ചെറുകിട, ഇടത്തരം സംരഭങ്ങളുടേത് ഇന്ന് പ്രഖ്യാപിച്ചേക്കും.
പാവപ്പെട്ടവർക്കും കർഷകർക്കും അടക്കം നേരിട്ട് പണം നൽകിയ ആദ്യ പാക്കേജിന്റെ തുടർച്ചയാണെങ്കിലും വിവിധ മേഖലകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് രണ്ടാം പാക്കേജ് . മികച്ച ഉല്പന്നങ്ങൾ, മികച്ച വിതരണ ശൃംഖല എന്നിവയിലൂടെ രാജ്യത്തെ വളർത്താനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ഉല്പന്നം, നമ്മുടെ നാട് എന്ന ചിന്ത വളർത്തണം.
പാക്കേജ് ലക്ഷ്യം
സർവ മേഖലകൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഊർജം
വികസനത്തിന് പുതിയ ദിശ
ഭൂമി, തൊഴിൽ, ധനലഭ്യത, നിയമം കൈകോർക്കും
കുടിൽ,ചെറുകിട,ഇടത്തരം സംരംഭങ്ങൾക്ക് ഊന്നൽ
തൊഴിലാളികൾ, കർഷകർ, പ്രവാസികൾ,ഉദ്യോഗസ്ഥർ ആദായ നികുതി ദായകർ തുടങ്ങിയ എല്ലാവിഭാഗത്തിനും പ്രയോജനം
നാലാം ലോക്ക് ഡൗണിൽ ഇളവ്
ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. മേയ് 18ന് തുടങ്ങുന്ന നാലാംഘട്ട നിയന്ത്രണങ്ങൾ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ വിലയിരുത്തിയായിരിക്കും നിശ്ചയിക്കുന്നത്. രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ നാലാമത്തെ അഭിസംബോധനയായിരുന്നു ഇന്നലത്തേത്
5 ശിലകളിലൂന്നി
പ്രധാനമന്ത്രി
സമ്പദ്വ്യവസ്ഥ, അടിസ്ഥാന വികസനം, ഭരണസംവിധാനം, ജനാധിപത്യം, ആവശ്യകത എന്നീ അഞ്ച് അടിസ്ഥാനശിലകളെ ആധാരമാക്കിയാണ് 20ലക്ഷം കോടി രൂപയുടെ ആശ്വാസ പാക്കേജെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
1. സമ്പദ് വ്യവസ്ഥയിൽ കുതിച്ചുചാട്ടം ലക്ഷ്യം.
2. അടിസ്ഥാന വികസനം പുതിയ മേൽവിലാസം.
3. സാങ്കേതിക വിദ്യ തുണയാക്കി ഭരണ സമ്പ്രദായം.
4. സ്വാശ്രയ ശീലത്തിൽ ജനാധിപത്യം.
5. ജനതയുടെ ആവശ്യം നിറവേറ്റുന്ന വിതരണ ശൃംഖല