ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടമായ മേയ് 16 മുതൽ 22 വരെ, 31 രാജ്യങ്ങളിൽ നിന്ന് 149 വിമാനങ്ങളിലായി 30,000 പ്രവാസികളെ മടക്കിക്കൊണ്ടുവരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
14,800 പേരെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഒന്നാം ഘട്ടത്തിൽ ഇന്നലെ രാവിലെ വരെ 43 വിമാനങ്ങളിലായി 8503 പേരെ മടക്കിയെത്തിച്ചു. 64 വിമാനങ്ങളാണ് ആകെയുള്ളത്. ബാക്കിയുള്ള സർവീസുകൾ തുടരുകയാണ്.
മോസ്കോയിൽ നിന്ന് കണ്ണൂരിലേക്ക്
രണ്ടാംഘട്ടത്തിൽ കേരളത്തിലേക്ക് 31 വിമാനങ്ങളാണെത്തുക. റഷ്യയിൽ നിന്നുള്ള ആറുവിമാനങ്ങളിൽ ഒന്ന് കേരളത്തിലേക്കാണ്. മോസ്കോയിൽ നിന്നുള്ള വിമാനം കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസികളുമായെത്തും. പാരീസിൽ നിന്നുള്ള വിമാനം ബംഗളൂരു വഴി കൊച്ചിയിലെത്തും. അയർലൻഡിൽ നിന്നുള്ള വിമാനവും ബംഗളൂരു വഴിയാണ് കൊച്ചിയിലെത്തുക. അർമേനിയയിൽ നിന്നുള്ള വിമാനം ജയ്പൂർ വഴി കൊച്ചിയിലിറങ്ങും.