ന്യൂഡൽഹി: 1984ലെ സിക്ക് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് (73) ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സജ്ജൻ കുമാർ നൽകിയ ജാമ്യാപേക്ഷയിൽ കഴിഞ്ഞ മാർച്ച് 4ന് ഡൽഹി എയിംസിനോട് സുപ്രീംകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു റിപ്പോർട്ട്. തുടർന്നാണ്ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് ജാമ്യം നിഷേധിച്ചത്.
'എന്റെ കക്ഷി ജയിലിൽ കിടന്ന് മരിക്കും. ജീവപര്യന്തം വധശിക്ഷയായി ഭവിച്ചിരിക്കുന്നുവെന്ന് ' സജ്ജൻ കുമാറിന്റെ അഭിഭാഷകൻ വികാസ് സിംഗ് കോടതിയിൽ പറഞ്ഞു. എന്നാൽ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയതിനാണ് സജ്ജന് ജയിൽ ശിക്ഷ ലഭിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർ വാദമുയർത്തി. ജാമ്യാപേക്ഷ ജൂലായിൽ വീണ്ടും പരിഗണിക്കും.