ന്യൂഡൽഹി:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സുപ്രീംകോടതി അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അഭിഭാഷകർ കറുത്ത കോട്ടും ഗൗണും ഒഴിവാക്കി വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു വേണം കോടതിയിൽ ഹാജരാകാൻ എന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. അഭിഭാഷകർ പ്ളെയിൻ വെള്ള ഷർട്ട്\ പ്ളെയിൻ വെള്ള സൽവാർ കമ്മീസ്\ പ്ളെയിൻ വെള്ള സാരി എന്നിവ ധരിക്കണമെന്നാണ് നിർദ്ദേശം. വൈറ്റ് നെക്ക് ബാൻഡ് നിർബന്ധം. വീഡിയോ കോൺഫറൻസിംഗിലൂടെ ഹർജികൾ പരിഗണിക്കുമ്പോഴടക്കം ഈ ഡ്രെസ് കോഡ് ബാധകമാണ്.
കറുത്ത വസ്ത്രങ്ങൾ അണിയുമ്പോൾ കൊവിഡ് 19നു കാരണമായ വൈറസ് ബാധയേൽക്കാൻ കൂടുതൽ സാദ്ധ്യതയുള്ളതിനാലാണ് തീരുമാനമെന്നും ഒരു പൊതുതാല്പര്യ ഹർജിയിൽ വാദം കേൾക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തയാഴ്ച മുതൽ കോടതി തുറക്കാനിരിക്കെയാണ് നിർദ്ദേശം.
എ4 പേപ്പർ നിർബന്ധമില്ല
ലോക്ക് ഡൗണിനെത്തുടർന്ന് എ4 പേപ്പറുകൾ കിട്ടാൻ ബുദ്ധിമുട്ടുള്ളത് കണക്കിലെടുത്ത് ഹർജികൾ ഫയൽ ചെയ്യാൻ സാധാരണ പേപ്പർ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിറക്കി. ജൂൺ 15 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്നും രജിസ്ട്രാർ അറിയിച്ചു.
വേനൽ അവധി ഒഴിവാക്കാൻ സാദ്ധ്യത
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കോടതി പൂട്ടിയിട്ടതിനാൽ മേയ് 17ന് ആരംഭിക്കുന്ന 45 ദിവസത്തെ വേനൽ അവധി സുപ്രീംകോടതി റദ്ദാക്കുമെന്ന് സൂചന. സമയനഷ്ടം ഒഴിവാക്കാനും കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനുമായി വീഡിയോ കോൺഫൻസിംഗിലൂടെ ഉൾപ്പെടെ കേസുകൾ പരിഗണിക്കാനാണ് തീരുമാനം.
ലോകായുക്ത സിറ്റിംഗ് 18ന് ആരംഭിക്കും
തിരുവനന്തപുരം: വേനലവധി കഴിഞ്ഞുള്ള കേരള ലോകായുക്തയുടെ സിറ്റിംഗ് 18ന് ആരംഭിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർഗനിർദേശങ്ങൾ പാലിച്ച് 21നും 22നും ഡിവിഷൻ ബെഞ്ചും സിംഗിൾ ബെഞ്ചും സിറ്റിംഗ് നടത്തും. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമേ പരിഗണിക്കുകയുള്ളു. 25 മുതൽ 28 വരെയുള്ള തൃശൂരിലെയും കോട്ടയത്തെയും ക്യാമ്പ് സിറ്റിംഗുകൾ ഉണ്ടായിരിക്കില്ല. ക്യാമ്പ് സിറ്റിംഗിൽ ഉൾപ്പെടുത്തിയ കേസുകളിൽ അടിയന്തര സ്വഭാവമുള്ളവ ബന്ധപ്പെട്ട കക്ഷികളോ അഭിഭാഷകരോ ആവശ്യപ്പെടുകയാണെങ്കിൽ തിരുവനന്തപുരത്തെ സിറ്റിംഗിൽ പരിഗണിക്കും.