nirmala
nirmala

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി കണ്ണീരിലാഴ്‌ത്തിയ എട്ട് കോടി കുടിയേറ്റ തൊഴിലാളികൾക്ക് രണ്ടു മാസം സൗജന്യ റേഷനും 50 ലക്ഷം വഴിയോരക്കച്ചവടക്കാർക്ക് 10,​000 രൂപ വരെ വായ്പയും ഉൾപ്പെടെ പാവപ്പെട്ടവർക്ക് 3.16 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ കേന്ദ്രം പ്രഖ്യാപിച്ചു. ചെറുകിട കർഷകർക്ക് 30,​000 കോടിയുടെ അധികസഹായവും​ ആദിവാസികൾക്ക് 6,​000 കോടിയുടെ ആനുകൂല്യങ്ങളുമുണ്ട്. ഇടത്തരക്കാരുടെ ഭവനാ വായ്‌പാ സബ്‌സിഡി 2021 മാർച്ച് വരെ നീട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സ്വാശ്രയ ഭാരത പാക്കേജിന്റെ രണ്ടാം ഘട്ടമായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനാണ് ഇന്നലെ പ്രഖ്യാപനങ്ങൾ നടത്തിയത്. ആദ്യഘട്ടത്തിൽ ചെറുകിട വ്യാപാര മേഖലയ്‌ക്കടക്കം 5.94 ലക്ഷം കോടിയുടെ ആനുകൂല്യങ്ങൾ ബുധനാഴ്ച മന്ത്രി പ്രഖ്യാപിച്ചിരുന്നു. നിർമ്മാണ മേഖലയിൽ ഉണർവേകുന്ന ഹ്രസ്വകാല, ദീർഘകാല പദ്ധതികളും പ്രഖ്യാപനങ്ങളിലുണ്ട്.

കുടിയേറ്റ തൊഴിലാളികൾക്ക്

സൗജന്യ റേഷന് 3500 കോടി

 റേഷൻ കാർഡ് ഇല്ലാത്ത എട്ടു കോടി കുടിയേറ്റ തൊഴിലാളികൾക്ക് മേയ്, ജൂൺ മാസങ്ങളിൽ ആളൊന്നിന് അഞ്ചു കിലോ അരി / ഗോതമ്പ്, കുടുംബത്തിന് ഒരു കിലോ പരിപ്പ് എന്നിവ ലഭിക്കും. ഇതിനായി എട്ടു ലക്ഷം ടൺ ധാന്യവും 50,000 ടൺ പരിപ്പും സൗജന്യമായി നൽകും. ഗരീബ് കല്യാൺ പദ്ധതിയിലെ റേഷൻ ആനുകൂല്യങ്ങൾക്ക് പുറമെയാണിത്.

ഒരു രാജ്യം,​ ഒരു

റേഷൻ കാർഡ്

 തൊഴിലാളികൾക്ക് ഒരു റേഷൻ കാർഡ് ഉപയോഗിച്ച് എല്ലാ സംസ്ഥാനത്തും റേഷൻ വാങ്ങാനുള്ള പദ്ധതി പൂർത്തിയാക്കും

 20 സംസ്ഥാനങ്ങളിൽ ഇത് നിലവിലുണ്ട്

 ആഗസ്‌റ്റോടെ 23 സംസ്ഥാനങ്ങളിലെ 67കോടി റേഷൻ ഉപഭോക്താക്കൾക്ക് (83%)​സൗകര്യം ലഭ്യമാകും.

 2021 മാ‌ർച്ചിൽ എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പാക്കണം