ന്യൂഡൽഹി :കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് കൂടുതൽ പണം നൽകാൻ ചെലവ് ചുരുക്കലുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. യാത്രകൾ, ഔദ്യോഗിക വിരുന്നുകൾ എന്നിവ ഗണ്യമായി കുറയ്ക്കും.
ആഡംബര വാഹനം ഉപയോഗിക്കില്ല. സാധാരണ ഒൗദ്യോഗിക പരിപാടികൾക്കായി പത്ത് കോടിയോളം രൂപ വിലയുള്ള ആഡംബരകാറിലാണ് രാഷ്ട്രപതിയെത്താറുള്ളത്. രാഷ്ട്രപതി ഭവനിൽ ഓഫീസ് സ്റ്റേഷണറി സാധനങ്ങൾ, ഇന്ധനം എന്നിവയുടെ ഉപയോഗം കുറയ്ക്കും. പരിപാടികളിൽ പുഷ്പാലങ്കാരം, വിരുന്നൊരുക്കൽ എന്നിവ നിജപ്പെടുത്തും. രാഷ്ട്രപതിഭവനിൽ അടുത്ത ഒരു വർഷത്തേക്ക് പുതിയ നിർമ്മാണപ്രവർത്തനങ്ങളില്ല.
സ്വാശ്രയ ഇന്ത്യയെന്ന സർക്കാരിന്റെ ആശയം സാക്ഷാത്കരിക്കുന്നതിനും പകർച്ചവ്യാധിയോട് പോരാടുന്നതിനുമായി എല്ലാവരും കൈകോർക്കണം. രാജ്യത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ചെറുതും പ്രധാനപ്പെട്ടതുമായ സംഭാവനയാണ് ചെലവ് ചുരുക്കൽ നടപടിയെന്നും രാഷ്ട്രപതി പ്രസ്താവനയിൽ പറഞ്ഞു.
ശമ്പളവും നൽകി
ഒരു വർഷത്തേക്ക് രാഷ്ട്രപതിയുടെ ശമ്പളത്തിന്റെ 30 ശതമാനം കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് നൽകും. മാർച്ച് മാസത്തെ ശമ്പളം മുഴുവനായും പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സിലേക്ക് നൽകിയിരുന്നു. രാഷ്ട്രപതി ഭവൻ ജീവനക്കാരുടെ വകയായി 18 ലക്ഷം രൂപയും സംഭാവനയായി നൽകി.