ന്യൂഡൽഹി:കുവൈറ്റ് പൊതുമാപ്പ് നൽകിയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നിവേദനമായി പരിഗണിച്ച് അടിയന്തര പരിഹാരം കാണാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.
ജസ്റ്റിസ്‌മാരായ നാഗേശ്വര റാവു, സഞ്ജയ് കിഷൻ കൗൾ, ബി ആർ ഗവായ് എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് നിർദ്ദേശം.
ഏതെല്ലാം രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ കൊണ്ടുവരാനുണ്ടെന്ന് പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ബോധിപ്പിച്ചു.
കുവൈറ്റിലെ പൊതുപ്രവർത്തകനും ലോക കേരള സഭാംഗവുമായ തോമസ് മാത്യു കടവിലും പൊതുമാപ്പ് ലഭിച്ച് അവിടെ ക്യാമ്പിൽ കഴിയുന്ന നാല് പേരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
നിയമപരമായ റസിഡൻസ് പെർമിറ്റ് ഇല്ലാത്തവർക്ക് കൊവിഡ് പശ്ചാത്തലത്തിലാണ് കുവൈറ്റ് പൊതുമാപ്പ് നൽകിയത്. ഈ പ്രവാസികൾ ഏപ്രിൽ16 മുതൽ കുവൈറ്റ് സർക്കാരിന്റെ താൽക്കാലിക ക്യാമ്പുകളിൽ ദുരിതത്തിലാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇവരെ സ്വന്തം വിമാനങ്ങളിൽ സൗജന്യമായി അയയ്‌ക്കാമെന്ന് കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലോക് ഡൗൺ പശ്ചാത്തലത്തിൽ കുവൈറ്റ് വിമാനങ്ങൾക്ക് ഇറങ്ങാനുള്ള അനുമതി ഇന്ത്യാഗവൺമെന്റ് നൽകിയിട്ടില്ല. പൊതുമാപ്പ് ലഭിച്ചവർക്ക് കുവൈറ്റ് വിടാൻ ഏപ്രിൽ 30 വരെയാണ് അനുവദിച്ചിരുന്നത്. അതുകഴിഞ്ഞാൽ ജയിലിൽ അടയ്ക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
ഇന്ത്യയിൽ തിരികെയെത്തിക്കും വരെ ഇവർക്ക് ആരോഗ്യ രക്ഷ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഇന്ത്യൻ എംബസിക്ക് നിർദ്ദേശം നൽകണം മൂവായിരത്തോളം ഇന്ത്യാക്കാരാണ് ക്യാമ്പിൽ സാമൂഹ്യ അകലം പാലിക്കാനാവാതെ തിങ്ങി ഞെരുങ്ങി കഴിയുന്നത്. ഇവർക്ക് കൊവിഡ് ബാധിക്കാൻ സാദ്ധ്യതയുണ്ട്. ഇന്ത്യാ ഗവൺമെന്റ് അനുകൂല നടപടികൾ എടുത്തില്ലെങ്കിൽ ഇവർ ജയിലിൽ അടയ്ക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നു.