ന്യൂഡൽഹി: പാവപ്പെട്ടവർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സ്വാശ്രയ ഭാരത അഭിയാൻ പാക്കേജ് ഗുണം ചെയ്യണമെങ്കിൽ അവർക്ക് നേരിട്ട് പണമെത്തിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കടംകൊടുക്കുന്നവന്റെ റോളല്ല

കേന്ദ്രസർക്കാർ വഹിക്കേണ്ടത്.

അന്യസംസ്ഥാന തൊഴിലാളികളുടെയും പാവപ്പെട്ട കർഷകരുടെയും കൈയിൽ പണമെത്തിയാൽ മാത്രമെ സാമ്പത്തിക രംഗം ഉണരുകയുള്ളൂ. പാവപ്പെട്ടവർക്ക് കുറഞ്ഞ വേതനം ഉറപ്പാക്കാൻ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌തിരുന്ന ന്യായ് പദ്ധതി ഇപ്പോഴത്തെ സാഹചര്യത്തിൽ നടപ്പാക്കുന്നത് ഗുണം ചെയ്യും. സർക്കാരിന് പദ്ധതിയുടെ പേരുമാറ്റാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പാവപ്പെട്ടവർക്ക് പെട്ടെന്ന് സഹായമെത്തിച്ചാലേ വിപണിയിൽ ഡിമാൻഡ് ഉണ്ടാകൂ.

പലായനം തുടരുന്ന അന്യസംസ്ഥാന തൊഴിലാളികളെ സഹായിക്കാൻ എന്തു ചെയ്യുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 13 കോടി കുടുംബങ്ങൾക്ക് 5000 രൂപ വീതം വിതരണം ചെയ്യാൻ 65,000 കോടി രൂപ മതിയാകും. എട്ടുകോടി കിസാൻ യോജ്‌ന അക്കൗണ്ടുകളിൽ 10,000 രൂപ വീതം എത്തിക്കണം. സാമ്പത്തിക രംഗത്തെ ഉലയ്‌ക്കുന്ന വലിയ കൊടുങ്കാറ്റ് വീശാൻ പോകുകയാണെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി.