delhi
DELHI

ഡൽഹി ജയിലിൽ 15 തടവുകാർക്ക് കൊവിഡ്

ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിലെ കൊവിഡ് കേസുകൾ 9000 കടന്നു. 24 മണിക്കൂറിനിടെ 438 പുതിയ രോഗികളും ആറ് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ കേസുകൾ 9333. 129 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ദിവസം 400 നു മുകളിൽ കേസുകളാണ് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേസുകളുടെ എണ്ണം ഉയരുന്നത് ഡൽഹിയിൽ കടുത്ത ആശങ്കയുയർത്തുന്നുണ്ട്. ഡൽഹിയിൽ ഒരാഴ്ചയ്ക്കിടെ രണ്ടായിരം പുതിയ രോഗബാധിതരുണ്ടായി.

അതേസമയം ഡൽഹിയിലെ കൊവിഡ് നിയന്ത്രിത മേഖലകളിൽ കുറവ് വന്നതായി സർക്കാർ അറിയിച്ചു. ഈ മാസം തുടക്കത്തിൽ 90 നിയന്ത്രിത മേഖലകളാണുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 76 ആയി. ഇതുവരെ 3926 പേർക്ക് രോഗം ഭേദമായി. 130845 പേർക്കാണ് പരിശോധന നടത്തിയത്.

ഡൽഹി രോഹിണി ജയിലിലെ 15 തടവുകാർക്കും ഒരു വാർഡനും കൊവിഡ് സ്ഥിരീകരിച്ചു. 28കാരനായ തടവുകാരന് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

വനിതാ ഡോക്ടറെ പൂട്ടിയിട്ടു
കൊവിഡ് മുക്തയായി ഫ്ളാറ്റിലേക്ക് മടങ്ങിയെത്തിയ വനിതാ ഡോക്ടറെ അയൽവാസി പൂട്ടിയിട്ടു. ഭീഷണിപ്പെടുത്തുകയും അസഭ്യംപറയുകയും ചെയ്തു.
സർക്കാർ ആശുപത്രിയിൽ സേവനം ചെയ്യുന്ന ഡോക്ടർക്ക് കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് രോഗബാധയുണ്ടായത്.
രോഗമുക്തി നേടിയ ശേഷം തെക്കൻ ഡൽഹിയിലെ വസന്ത് കുഞ്ചിലെ സ്വന്തം ഫ്ളാറ്റിൽ നിരീക്ഷണത്തിൽ കഴിയാനായി എത്തിയപ്പോഴായിരുന്നു ദുരനുഭവം. ഡോക്ടർ ഡൽഹി പൊലീസിൽ പരാതി നൽകി. ഇതിന് മുൻപും ആരോഗ്യപ്രവർത്തകർക്കെതിരെ ഇത്തരം മോശം സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്.