ന്യൂഡൽഹി:കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1074 ശ്രമിക്ക് ട്രെയിനുകൾ സർവീസ് നടത്തിയതായും ഇതുവരെ 14 ലക്ഷം തൊഴിലാളികളെ മടക്കിയെത്തിച്ചതായും റെയിൽവേ അറിയിച്ചു. 80 ശതമാനം ട്രെയിനുകളും യു.പി,ബീഹാർ സംസ്ഥാനങ്ങളിലേക്കാണ്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഒരുദിവസം 2 ലക്ഷത്തിലധികം പേരെ കൊണ്ടുപോയി. ഇത് മൂന്ന് ലക്ഷമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശിലേക്ക് 387 ട്രെയിനുകൾ സർവീസ് നടത്തി. ബീഹാർ 269, മദ്ധ്യപ്രദേശ് 81, ജാർഖണ്ഡ് 50, ഒഡിഷ 52, രാജസ്ഥാൻ 23, പശ്ചിമബംഗാൾ 9.
പശ്ചിംബംഗാളിലേക്ക് 105 ട്രെയിനുകൾക്ക് കൂടി സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളെ പശ്ചിമബംഗാളിലേക്ക് മടക്കിയെത്തിക്കാനുള്ള മുഴുവൻ ചെലവും സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.