ന്യൂഡൽഹി: കൊവിഡിന്റെ മറവിൽ സമ്പന്നരുടെ അജൻഡ നടപ്പാക്കുകയാണ് കേന്ദ്രസർക്കാരെന്ന് ഇടതുപാർട്ടികൾ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പൊതുസ്വത്തുക്കളെല്ലാം സ്വകാര്യവത്കരിക്കുകയാണ്. കൊവിഡിനെ ഉപയോഗപ്പെടുത്തി ഏകപക്ഷീയമായി സമ്പന്നരുടെയും വിദേശ, ആഭ്യന്തര കുത്തകകളുടെയും അജൻഡ നടപ്പാക്കുന്നത് മനുഷ്യത്വരഹിതമാണ്. കുത്തകകൾക്ക് കൊള്ളലാഭം കൊയ്യാനാണ് ഈ നടപടികളെല്ലാം. പൊതുമേഖലയെ കൊള്ളയടിക്കുന്നത് സ്വയംപര്യാപ്തതയെ തകർക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. അടച്ചിടലിനെ തുടർന്ന് പതിനാലു കോടി തൊഴിലുകളാണ് നഷ്ടമാകുന്നത്. കുടിയേറ്റ തൊഴിലാളി പ്രശ്‌നം പരിഹരിക്കുന്നതിൽ മോദി സർക്കാരിന്റെ ഗുരുതരമായ പാളിച്ചകാരണം മുപ്പതിലേറെ പേർ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടു. മരിച്ചവരെ ഒന്ന് ഓർമ്മിക്കാനുള്ള മനുഷ്യത്വം പോലും മന്ത്രിമാർക്കില്ലെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്രധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ സ്വകാര്യവത്കരണത്തെയും കോർപറേറ്റ് വത്കരണത്തെയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട സർക്കാർ തങ്ങളുടെ നവ ലിബറൽ അജൻഡ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കുടിയേറ്റ തൊഴിലാളി വിഷയത്തിൽ മേയ് 19ന് രാജ്യവ്യാപകമായി പ്രക്ഷോഭത്തിനും സി.പി.ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.