nurse
NURSE

ന്യൂഡൽഹി: സൗദി, കുവൈറ്റ് എന്നിവിടങ്ങളിൽ കുടുങ്ങിയ ഗർഭിണികളായ നഴ്സുമാരെ അടിയന്തരമായി നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. സൗദിയിൽ കുടുങ്ങിയ 55 നഴ്സുമാർക്കും കുവൈറ്റിൽ കുടുങ്ങിയ ഒരു നഴ്സിനെയും നാട്ടിലെത്തിക്കണമെന്നാണ് ആവശ്യം. ഇവരിൽ മിക്കവരും ഏഴ് മുതൽ ഒമ്പത് മാസം വരെ ഗർഭിണികളാണ്. സൗദിയിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. വന്ദേഭാരത് മിഷൻറെ ആദ്യഘട്ടം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവർ നാട്ടിലേക്ക് പോകാൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്നു. ഗർഭിണികൾക്ക് പ്രഥമപരിഗണന നൽകണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും വേണ്ട ഇടപെടലുണ്ടായില്ലെന്നും അഡ്വ. കെ ആർ സുഭാഷ്ചന്ദ്രൻ മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു.
വന്ദേഭാരത് മിഷൻ രണ്ടാംഘട്ടം തുടങ്ങിയ പശ്ചാത്തലത്തിൽ ഇവരെ നാട്ടിലെത്തിക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു.